തെരഞ്ഞെടുപ്പു തോൽവി: എടച്ചേരിയിൽ സി.പി.എം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി
text_fieldsനാദാപുരം: ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്രങ്ങളിലുണ്ടായ തോൽവിയിലും വോട്ടു ചോർച്ചക്കും കാരണക്കാരായി കണ്ടെത്തിയ എടച്ചേരിയിലെ സി.പി.എം നേതാക്കൾക്കെതിരെ നടപടി. ഏരിയ കമ്മിറ്റിയംഗം വള്ളിൽ രാജീവൻ, പി.കെ. ബാലൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കെ. ബാലൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. രജീഷ്, സഗീൻ ടിൻറു, ചുണ്ടയിൽ സുധീർ, ടി. ഹരീന്ദ്രൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
ഏരിയ കമ്മിറ്റി അംഗം വള്ളിൽ രാജീവനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. എടച്ചേരി ലോക്കൽ സെക്രട്ടറി ടി.കെ. ബാലനെ തൽസ്ഥാനത്തുനിന്ന് നീക്കി കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.കെ. ദിനേശന് പ്രത്യേക ചുമതല നൽകി. മറ്റ് ഏരിയ കമ്മിറ്റി അംഗം പി.കെ. ബാലനെയും ടി. ഹരീന്ദ്രനെയും പരസ്യമായി ശാസിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. രജീഷിനെ ആറുമാസത്തേക്കും സഗിൻ ടിൻറുവിനെ മൂന്നുമാസത്തേക്കും സുധീറിനെ ഒരു വർഷത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്.
അന്തരിച്ച മുൻ എസ്.എഫ്.ഐ നേതാവ് കെ.എസ്. ബിമലിന്റെ സ്മാരക നിർമാണവുമായും അദ്ദേഹത്തെ പിന്തുണക്കുന്ന സമാന്തര സംഘടനകളുമായും സഹകരിച്ചു എന്നതാണ് ബാലനൊഴികെയുള്ളവർക്കെതിരെയുള്ള കുറ്റം. തെരഞ്ഞെടുപ്പിലെ നിസ്സഹകരണത്തിന്റെ പേരിലാണ് ബാലനെ ശാസിച്ചത്. പാർട്ടി പ്രവർത്തനം നിർജീവമായിട്ടും നേതൃത്വത്തെ അറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്നതാണ് പി.കെ. ബാലനെതിരായ ആരോപണം.
സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള എടച്ചേരി പഞ്ചായത്തിൽ നാലു വാർഡുകളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടമായത്. വിജയിച്ച ചില വാർഡുകളിൽ ഭൂരിപക്ഷത്തിലും വൻ ഇടിവുണ്ടായി. പരാജയ കാരണം സംസ്ഥാന തലത്തിൽ വരെ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരം അന്വേഷണ കമീഷനെ നിയമിച്ചത്.നാദാപുരം ഏരിയ കമ്മിറ്റി അംഗങ്ങളായ എ.കെ. ഹരീന്ദ്രൻ, എ. മോഹൻദാസ് എന്നിവരാണ് പാർട്ടി അന്വേഷണം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കുകയും 3700ലധികം വോട്ടിന്റെ ഭൂരിപക്ഷം പഞ്ചായത്തിൽ നിലനിർത്തുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.