മുഹമ്മദിന്റെ കളി കാര്യമായി, കടന്നു പോയത് ഉദ്വേഗ നിമിഷങ്ങൾ
text_fieldsനാദാപുരം: എടച്ചേരിയിലെ കൊടുങ്ങാമ്പുറത്ത് ഷൗക്കത്ത് ഷഹാന ദമ്പതികളുടെ മകനായ രണ്ടു വയസ്സുകാരൻ മുഹമ്മദിന്റെ കുരുന്നു കുസൃതി കാര്യമായപ്പോൾ അത് വീട്ടുകാർക്ക് സമ്മാനിച്ചത് ഉദ്വേഗത്തിന്റെ നിമിഷങ്ങൾ. പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ അവൻ മാതാവ് ഷഹാനക്കരികിൽ കളിക്കുകയായിരുന്നു.
കളിക്കിടെ കുസൃതിയുടെ ഭാഗമായാണ് ഉമ്മ കഴുകി വെച്ച സ്റ്റീൽ പാത്രങ്ങൾ ഓരോന്നായെടുത്ത് തൊപ്പിയാക്കി തലയിൽവെച്ചുനോക്കിയത്. അതിനിടയിൽ വാവട്ടം കുറഞ്ഞ ഒരു പാത്രം കഴുത്തിൽ താഴ്ന്നു. എത്ര ശ്രമിച്ചിട്ടും തിരികെ എടുക്കാൻ സാധിച്ചില്ല. കളി മാറി കരച്ചിലും ബഹളവുമായി.
പാത്രം ഊരിയെടുക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ കുട്ടിയെയുമെടുത്ത് കിലോമീറ്ററുകൾ അകലെയുള്ള ചേലക്കാട് ഫയർ സ്റ്റേഷനിലെത്തി. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കട്ടർ ഉപയോഗിച്ച് വിദഗ്ധമായി പാത്രം മുറിച്ചു മാറ്റി കുട്ടിയെ രക്ഷിച്ചപ്പോഴാണ് ഏവർക്കും ആശ്വാസമായത്.
സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.പി. ബിജു, പി.എം. വിജേഷ്, എം. മനോജ്, സി.കെ. പ്രേംജിത്ത്, എം. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാത്രം മുറിച്ചു മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.