യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍
text_fieldsനാദാപുരം: മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആളുമാറി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ നാദാപുരത്ത് അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി നിട്ടൂര്‍ തൊള്ളംപാറ രാഹുല്‍ (25), കക്കട്ട് കൈക്കണ്ടിയില്‍ പി. അശ്വന്ത് (22), പാലേരി ചെറിയ കുമ്പളം ഇടവലത്ത് ഇജാസ് (26), പുറമേരി കുളമുള്ളതില്‍ ജുനൈദ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി മുള്ളമ്പാറ സ്വദേശി കുന്നത്താടി വീട്ടില്‍ മുഹമ്മദ് ഷമ്മാസിനെയും (23) സുഹൃത്തുക്കളായ രണ്ടുപേരെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കക്കംവെള്ളി ശാദുലി റോഡ് പരിസരത്തുനിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ടയര്‍ കടയിലെ ജീവനക്കാരായ മൂന്നുപേരും ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് കെ.എല്‍ 9 എ.ഡി 1725 നമ്പര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞുവെച്ച് 'ശരിയാക്കിത്തരാം' എന്നുപറഞ്ഞ് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്.
പുറമേരി ഭാഗത്തേക്ക് കൊണ്ടുപോയ ഇവരെ അര മണിക്കൂറിനുശേഷം തിരികെ ക്വാര്‍ട്ടേഴ്സ് പരിസരത്ത് ഇറക്കിവിടുകയും ചെയ്തു. ഇതുസംബന്ധിച്ച് ഷമ്മാസ് നല്കിയ പരാതിയെ തുടര്‍ന്ന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനുപിന്നാലെയാണ് സംഘം പിടിയിലായത്. യുവാക്കളെ തട്ടിക്കൊണ്ടുപോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ വെച്ച് ഷമ്മാസ് ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തിയ സംഘം ആര്‍ക്കോ അയച്ചുകൊടുക്കുകയും ഇതിനുശേഷമാണ് യുവാക്കളെ വിട്ടയച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റ്യാടി സ്വദേശിയുടെ കാര്‍, പറശ്ശിനിക്കടവിലേക്ക് തീര്‍ഥാടനത്തിന് എന്നുപറഞ്ഞ് നിട്ടൂര്‍ സ്വദേശി രാഹുല്‍ വാടകക്കെടുത്തതാണെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം സ്വദേശികളായ യുവാക്കളെ ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്നും അറസ്റ്റിലായ യുവാക്കള്‍ ക്വട്ടേഷന്‍, സ്വർണം പൊട്ടിക്കല്‍ സംഘമാണോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കുറച്ചുദിവസം മുമ്പ് കുനിങ്ങാട് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മലപ്പുറം സ്വദേശികളായ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസില്‍ മലപ്പുറം സ്വദേശിയായ പ്രധാന പ്രതിയെ പിടികൂടിയിട്ടില്ല. പ്രതിയെ തിരിച്ചറിയുകയും പൊലീസ് ഇയാളെ തേടി വേങ്ങരയിൽ എത്തുകയും ചെയ്തിരുന്നു.
ഗൾഫിൽനിന്ന് കോടികളുടെ സ്വര്‍ണം എത്തിച്ച് ഉടമസ്ഥര്‍ക്ക് നല്‍കാതെ മുങ്ങുന്ന സംഭവങ്ങള്‍ നാദാപുരം മേഖലയില്‍ അടുത്തിടെ ഉണ്ടായിരുന്നു. ഇവരെ തേടി മലപ്പുറം, കാസര്‍കോട്, കൊടുവള്ളി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ നാദാപുരം മേഖലയിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിരുന്നു.
നാദാപുരം മേഖലയിൽ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ വർധിക്കുന്നു
നാദാപുരം: സ്വർണക്കടത്ത് ഇടപാടിലും മയക്കുമരുന്ന് വിതരണത്തിലും കണ്ണികളായവർ തമ്മിലുള്ള ഏറ്റുമുട്ടലും ബന്ധിയാക്കലും നാദാപുരം മേഖലയിൽ പതിവാകുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന നാലു യുവാക്കളാണ് ഒടുവിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
ഇവരെ ആളുമാറി തട്ടിക്കൊണ്ടുപോയെന്നാണ് പറയുന്നതെങ്കിലും സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. കുഴൽപണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി പണം കവരുന്ന സംഘവും സജീവമാണ്.
നവംബറിൽ കടമേരിയിൽ മയക്കുമരുന്ന് ഇടപാടിന്റെ പേരിൽ യുവാക്കൾ ഏറ്റുമുട്ടിയപ്പോൾ കുപ്രസിദ്ധ ഗുണ്ടകളായ ചാണ്ടി ഷമീമിന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് പിടിയിലായത്. മൂന്നുവർഷം മുമ്പ് നാദാപുരത്തെ സ്വർണവ്യാപാരിയെ, കബളിപ്പിച്ച് 48 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊയിലാണ്ടി, കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ പങ്ക് വ്യക്തമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട സി.പി.എം പ്രാദേശിക നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുകയുണ്ടായി.
ഇയ്യങ്കോട്, പെരുമുണ്ടച്ചേരി, മുതുവടത്തൂർ എന്നിവിടങ്ങളിൽ വിദേശത്തുനിന്ന് കൊടുത്തയച്ച സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടുകയും പ്രതികളിൽ ചിലർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ, യഥാർഥ കണ്ണികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
കഴിഞ്ഞ മാസം, മകനെ കാണാനില്ലെന്നുകാണിച്ച് മുതുവടത്തൂരിലെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണം മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിലാണ് എത്തിയത്. കേസിൽ നാദാപുരത്തെ നിയമ വിദ്യാർഥിയടക്കം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തെങ്കിലും പ്രധാന പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.