പഴയ വസ്ത്രങ്ങൾക്കൊപ്പം അബദ്ധത്തിൽ ലഭിച്ച സ്വർണം തിരിച്ചേൽപ്പിച്ച് മൈസൂർ സ്വദേശികൾ
text_fieldsനാദാപുരം: കാരുണ്യപ്രവർത്തനത്തിന് വീടുകളിൽനിന്ന് പഴയ വസ്ത്രം ശേഖരിക്കാൻ എത്തിയ ഇതരസംസ്ഥാനക്കാർക്ക് വീട്ടമ്മ നൽകിയത് രണ്ടര പവൻ സ്വർണമാല സൂക്ഷിച്ച വസ്ത്രം. മാല തിരിച്ചേൽപിച്ച് മൈസൂർ സ്വദേശികളുടെ മാതൃക വീട്ടമ്മക്ക് ആശ്വാസമായി.
മൈസൂർ സോളപ്പൂർ സ്വദേശികളായ തുക്കാറാം, സുനിൽ എന്നിവരാണ് അബദ്ധത്തിൽ ലഭിച്ച സ്വർണമാല തിരിച്ചേൽപിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് പുറമേരി വിലാതപുരത്തെ കുന്നോത്തുതാഴെ കുനി രാജെൻറ വീട്ടിൽ മൈസൂർ എസ്.എസ് മനോജ് ട്രസ്റ്റിെൻറ പ്രവർത്തകരായ ഇരുവരും ആദിവാസികൾ ഉൾപ്പെടെയുള്ള പാവങ്ങൾക്ക് വിതരണംചെയ്യാൻ പഴയ വസ്ത്രങ്ങൾ ആവശ്യപ്പെട്ട് എത്തിയത്.
രാജെൻറ ഭാര്യ രജിത ഇവർക്ക് നൽകിയ വസ്ത്രത്തിെൻറ കീശയിലാണ് സ്വർണമാല സൂക്ഷിച്ചിരുന്നത്. വൈകീട്ടോടെയാണ് സ്വർണമാല നഷ്ടപ്പെട്ടത് അറിഞ്ഞത്.
ഇതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. വിവരം നാദാപുരം പൊലീസ് സ്റ്റേഷനിൽ അറിയിച്ച് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിരിവിനുവന്നവരെ കണ്ടെത്താനായില്ല.
എന്നാൽ, തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുക്കാറാമും സുനിലും ലഭിച്ച വസ്ത്രങ്ങൾ രാത്രി മടക്കി വെക്കുന്നതിനിടെ രാത്രിയാണ് കീശയിൽ നിന്ന് സ്വർണമാല ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ കേസുമായി ബന്ധപ്പെട്ട് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പോയ സമയത്താണ് സ്വർണമാലയുമായി ഇവർ തിരിച്ചെത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇവർ പിന്നീട്, സ്വർണാഭരണം വീട്ടമ്മക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.