മിഠായി കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം: കടകളിൽ ആരോഗ്യവകുപ്പിെൻറ റെയ്ഡ്
text_fieldsനാദാപുരം: മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാർഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയിൽനിന്ന് പോപ് സ്റ്റിക് എന്ന പേരിലുള്ള മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത ആരംഭിച്ചത്. വൈകീട്ട് പെട്ടെന്നുള്ള പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അധ്യാപകർ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
അഞ്ചു സെന്റി മീറ്ററോളം വരുന്ന പ്ലാസ്റ്റിക് സ്റ്റിക്കിനുള്ളിൽ ദ്രവരൂപത്തിലുള്ള വസ്തു നിറച്ചാണ് പെട്ടിക്കടകളിലും മറ്റും ഇവ വിതരണത്തിനെത്തുന്നത്. ഒരു പാക്കിനുള്ളിൽ ഇത്തരം ആറു സ്റ്റിക്കുകൾ കാണും. നിർമാണസ്ഥലമോ മറ്റ് വിവരങ്ങളോ പാക്കറ്റുകളിൽ ലഭ്യമല്ല. തമിഴ്നാട് കേന്ദ്രീകരിച്ച് ഇത്തരം നിരവധി ഉൽപന്നങ്ങൾ കേരളത്തിൽ എത്തുന്നുണ്ട്. ഇവയുടെ മൊത്തവിതരണത്തിന് വ്യത്യസ്ത പേരുകളിൽ തമിഴ് ബേക്കറികൾ ടൗണിൽ പ്രവർത്തിക്കുന്നു. വാർത്ത പുറത്തുവന്നതോടെ ഗുണനിലവാരമില്ലാത്ത മിഠായികളും മധുരപലഹാരങ്ങളും വിറ്റ നാദാപുരം മേഖലകളിലെ കടകളിൽ ആരോഗ്യവകുപ്പിന്റെ റെയ്ഡ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വരിക്കോളി, കുമ്മങ്കോട് ഭാഗങ്ങളിൽനിന്നുള്ള കടകളിൽനിന്ന് ഗുണനിലവാരമില്ലാത്ത നിരവധി മിഠായികളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.