സി.പി.എം നേതാക്കളെ ഇടിച്ചുവീഴ്ത്തിയ ജീപ്പ് കസ്റ്റഡിയിൽ; ഡ്രൈവർ അറസ്റ്റിൽ
text_fieldsനാദാപുരം: തൂണേരി ബാലവാടിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സി.പി.എം പ്രാദേശിക നേതാക്കളെ ഇടിച്ചുവീഴ്ത്തി നിർത്താതെപോയ ജീപ്പ് കസ്റ്റഡിയിൽ. ഡ്രൈവർ വയനാട് തലപ്പുഴ ആലാറ്റിൽ സ്വദേശി പുന്നക്കര അനീഷിനെ (35) അറസ്റ്റ് ചെയ്തു.
നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് പെരിയ സ്വദേശി തൊഴുതുങ്കൽ സുധാകരന്റെ ഉടമസ്ഥതയിലുള്ള കെ.എൽ13. ഇ. 4831 നമ്പർ ജീപ്പാണ് അപകടത്തിനിടയാക്കിയത്.
ജൂൺ 11ന് വൈകീട്ട് ഏഴോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം തൂണേരി ലോക്കൽ കമ്മിറ്റി അംഗം സുരേഷ് ബാബു, മുൻ ലോക്കൽ കമ്മിറ്റി അംഗം കുട്ടങ്ങാത്ത് ഭാസ്കരൻ എന്നിവർ തൂണേരിയിൽനിന്ന് കർഷകത്തൊഴിലാളി യൂനിയൻ യോഗം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുന്നതിനിടയിലാണ് നാദാപുരം ഭാഗത്തുനിന്നും വന്ന ജീപ്പ് ഇടിച്ചുവീഴ്ത്തി നിർത്താതെപോയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ട് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. വയനാട് പേരിയയിൽനിന്ന് കക്കട്ട്കൈവേലിയിലെ മാതാവിന്റെ വീട്ടിലെത്തി മാതാവിനൊപ്പം സഹോദരിയുടെ കോട്ടേമ്പ്രത്തെ വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് അനീഷിന്റെ ജീപ്പ് അപകടത്തിൽപെടുന്നത്. അപകടത്തിനുശേഷം കോട്ടേമ്പ്രത്ത് താമസിച്ച അനീഷ് പിറ്റേദിവസം തലശ്ശേരി വഴി വയനാട്ടിലേക്ക് കടന്നു. പിന്നീട് കർണാടക പുട്ടയിലെത്തി ജീപ്പിൽ രൂപമാറ്റങ്ങൾ വരുത്തി.
അപകടത്തിനിടയാക്കിയ ജീപ്പ് കണ്ടെത്തുന്നതിനായി നാദാപുരം പൊലീസ് രണ്ടാഴ്ചയായി നാദാപുരം, കല്ലാച്ചി, കക്കട്ട്, തൂണേരി ടൗണുകളിലെ നൂറിലേറെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു. ഒടുവിൽ കക്കട്ട് -കൈവേലി റോഡിലെ ഒരു കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ തെളിവായത്.
സബ് ഇൻസ് പെക്ടർ വി. സജീവൻ, എ.എസ്.ഐ മനോജ് രാമത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. ലതീഷ്, ഇ. രാജേഷ് കുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.