പകർച്ചവ്യാധിയുടെ മൊത്തവിതരണ കേന്ദ്രമായി കല്ലാച്ചി മത്സ്യമാർക്കറ്റ്
text_fieldsനാദാപുരം: പകർച്ചപ്പനി വ്യാപകമാകുന്നതിനിടെ ഗ്രാമപഞ്ചായത്ത് ഹെൽത്ത് വിഭാഗം, ഭരണസമിതി ഓഫീസിനും തൊട്ടുതാഴെ പ്രവർത്തിക്കുന്ന കല്ലാച്ചി മത്സ്യമാർക്കറ്റും പരിസരവും ദുർഗന്ധപൂരിതവും മലിനജല സംഭരണകേന്ദ്രവുമായി മാറി. പൊട്ടിപ്പൊളിഞ്ഞ തറയിലെ ഇളകിയ കോൺക്രീറ്റ് കുഴികളിൽ കെട്ടിനിൽക്കുന്ന മാലിന്യം താണ്ടിവേണം മാർക്കറ്റിനുള്ളിലും പുറത്തേക്കും കടക്കാൻ. ഒരാഴ്ചയായി മാർക്കറ്റിനുള്ളിലെ ഓടകൾ ശുചീ കരണത്തിനായി തുറന്നിട്ട്. ഇതിൽനിന്ന് പുറത്തെടുത്ത മാലിന്യങ്ങൾ ഓടക്ക് സമീപംതന്നെ കൂട്ടിയിട്ടിരിക്കുന്നതിനാൽ മൂക്കുപൊത്താതെ ആർക്കും മാർക്കറ്റിലെത്താനാകില്ല.
ഓടകളിൽ കൊതുക് നിറഞ്ഞിട്ടുണ്ട്. മലിനജലം ഇടക്കിടെ പെയ്യുന്ന വേനൽമഴയിൽ സമീപത്തെ തോടുകളിലേക്കാണ് ഒഴുകുന്നത്. മത്സ്യവിപണന കേന്ദ്രം, കോഴി സ്റ്റാൾ, ഇറച്ചിവിൽപന ശാല, പച്ചക്കറിക്കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്നത്. അനാരോഗ്യ ചുറ്റുപാടുകൾ ഒഴിവാക്കി കച്ചവടം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് മാർക്കറ്റിനുള്ളിലെ കച്ചവടക്കാർ പറഞ്ഞു. കാലവർഷം ശക്തമാകുന്നതോടെ മാലിന്യപ്രശ്നം കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.