കല്ലാച്ചി മത്സ്യമാർക്കറ്റ്: നാദാപുരം പഞ്ചായത്തിന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്
text_fieldsനാദാപുരം: കല്ലാച്ചി മത്സ്യമാർക്കറ്റ് അനാരോഗ്യ ചുറ്റുപാടിനെതിരെ ഗ്രാമപഞ്ചായത്തിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. മാർക്കറ്റ് പരിസരം വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവർത്തിക്കുന്നതെന്ന വ്യാപക പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായതോടെയാണ് നാദാപുരം താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മാർക്കറ്റിന് ചുറ്റും തുറന്നിട്ട കാനകളിൽ മലിനജലം കെട്ടിക്കിടന്ന് പരിസരമാകെ ദുർഗന്ധപൂരിതവും കൊതുകുശല്യം കാരണം ആളുകൾ പൊറുതിമുട്ടുകയുമാണ്.
മാർക്കറ്റ് പരിസരത്തെ മത്സ്യ, മാംസ വിൽപന, സമീപത്തെ പച്ചക്കറി സ്റ്റാളുകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ നോട്ടീസിൽ പറയുന്നു. പരിസരത്ത് കടുത്ത ആരോഗ്യപ്രശ്നനമാണ് ഉയർന്നിരിക്കുന്നത്. മഴയിൽ ഓടകളിലെ ജലം പരിസരപ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ ചുറ്റുപാടുമുള്ള കുടിവെള്ളസംവിധാനങ്ങൾ മലിനീകരണ ഭീഷണിയിലാണ്. അറ്റകുറ്റപ്പണി നടക്കാത്തത് കാരണം പൊട്ടിപ്പൊളിഞ്ഞ തറയിൽ കെട്ടിനിൽക്കുന്ന മലിനജലം കച്ചവടക്കാർക്കും മാർക്കറ്റിൽ എത്തുന്നവർക്കും ഏറെ ആരോഗ്യഭീഷണി ഉയർത്തുകയാണ്. പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള മാർക്കറ്റ് സമുച്ചയ പരിസരം പൊതുജനങ്ങൾക്ക് ആരോഗ്യവെല്ലുവിളിയുയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.