വിമാന ദുരന്തം: ചികിത്സച്ചെലവ് എയർ ഇന്ത്യ നിർത്തലാക്കുന്നു
text_fieldsനാദാപുരം: കരിപ്പൂർ വിമാന അപകടത്തിൽപെട്ട് ദുരിതത്തിൽ കഴിയുന്നവരുടെ തുടർചികിത്സ ചെലവ് നിഷേധിച്ച് വിമാനക്കമ്പനി. ചികിത്സക്കാവശ്യമായ പണം സ്വയം കണ്ടെത്തണം. ഇതുസംബന്ധമായ അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ കൊച്ചി യൂനിറ്റിൽനിന്ന് ഇയ്യങ്കോട് സ്വദേശി മുടോറ അഷ്റഫിന് ലഭിച്ചിരിക്കുന്നത്. 2020 ആഗസ്റ്റ് ഏഴിനാണ് ഷാർജയിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടത്.
ഗുരുതര പരിക്കേറ്റ അഷ്റഫ് മൂന്നു മാസത്തോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു കാലിനും തലക്കും സാരമായ പരിക്കുപറ്റിയ അഷ്റഫ് പരസഹായത്തോടെയാണ് കാര്യങ്ങൾ നീക്കുന്നത്. ഇനിയും മാസങ്ങൾ നീളുന്ന തുടർചികിത്സ ഇയാൾക്ക് അത്യാവശ്യമാണ്. ജോലി നഷ്ടമായ ഇയാളുടെ കുടുംബം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ഇതിനിടയിലാണ് ചികിത്സ സഹായം പൂർണമായും നിർത്തുന്നതായുള്ള അറിയിപ്പ് ലഭിക്കുന്നത്. ഭാവിജീവിതംതന്നെ തകർക്കുന്ന തീരുമാനമായാണ് അഷ്റഫ് ഇതിനെ കാണുന്നത്.
ഇതുവരെ കമ്പനി ചികിത്സച്ചെലവുകൾ നൽകി. ഭാവിയിൽ ചികിത്സച്ചെലവ് ഏറ്റെടുക്കില്ല. ചികിത്സസംബന്ധമായ തുക ലഭിക്കാൻ ബാക്കിയുണ്ടെങ്കിൽ ഒരു മാസത്തിനുള്ളിൽ കമ്പനിയെ സമീപിക്കാം. ഇത്രയും കാര്യങ്ങളാണ് ഈ മാസം 18ന് കൊച്ചി ആസ്ഥാനത്തുനിന്ന് അയച്ച കത്തിൽ പറയുന്നത്. ഇതോടെ വിമാന അപകടത്തി െൻറ ദുരിതം പേറുന്ന അഷ്റഫി െൻറ ജീവിതത്തിൽ കൂടുതൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഷാർജയിൽ കഫറ്റീരിയ ജീവനക്കാരനായിരുന്ന ഇയാൾ അവധിക്ക് നാട്ടിൽ വരുമ്പോഴാണ് ദുരന്തത്തിൽപെടുന്നത്.
അപകടസമയത്ത് മരിച്ചവർക്കും പരിക്കേറ്റവർക്കും സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഇതുവരെ നൽകിയിട്ടില്ല. വിമാന ദുരന്തത്തിൽ 21 പേർ മരിക്കുകയും 165 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.