മാഹിയിൽനിന്ന് മദ്യക്കടത്ത് വ്യാപകം; എക്സൈസ് മയക്കത്തിലോ?
text_fieldsനാദാപുരം: ഓണം അടുത്തതോടെ മാഹിയിൽ അതിർത്തി ജില്ലയിലേക്ക് മദ്യക്കടത്ത് വ്യാപകമാകുന്നു. എക്സൈസ് വകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധം. എക്സൈസിന്റെയും പൊലീസിന്റെയും സാന്നിധ്യം കുറഞ്ഞ കോഴിക്കോട്, കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന അപ്രധാന റോഡുകൾ ഉപയോഗപ്പെടുത്തിയാണ് കടത്തുസംഘങ്ങൾ മാഹി, പള്ളൂർ എന്നിവിടങ്ങളിൽനിന്ന് വിദേശമദ്യം നിർലോഭം കടത്തിക്കൊണ്ടുവരുന്നത്.
വിപണി വിലയേക്കാൾ കൂടുതൽ ലാഭത്തിൽ വിൽക്കാമെന്നതും സർക്കാറിന്റെ ബിവറേജ് മദ്യത്തേക്കാൾ ആവശ്യക്കാരുള്ളതും കടത്തുസംഘങ്ങൾക്ക് സഹായകമാവുകയാണ്. പള്ളൂരിൽനിന്ന് പാനൂർവഴി നിരവധി ഊടുവഴികളിലൂടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടക്കാൻ സൗകര്യമുണ്ട്. ഇതോടൊപ്പം മലയോരം കേന്ദ്രീകരിച്ച് വ്യാജവാറ്റുസംഘങ്ങളും സജീവമാണ്. വല്ലപ്പോഴുമുള്ള പരിശോധനകൾ മാത്രമാണ് എക്സൈസിന്റെ ഭാഗത്ത്നിന്ന് നടക്കുന്നത്. നാദാപുരം എക്സൈസിനു കീഴിൽ പെരിങ്ങത്തൂർ മുതൽ വയനാട് അതിർത്തിവരെ പതിനാലോളം പഞ്ചായത്തുകളാണ് ഉള്ളത്. കല്ലാച്ചിയിൽ പ്രവർത്തിക്കുന്ന ഓഫിസ് കേന്ദ്രീകരിച്ചാണ് വിശാലമായ ഈ മേഖലയിലെ കുറ്റകൃത്യങ്ങൾ തടയാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത്.
എന്നാൽ, കുന്നും മലകളും താണ്ടാൻ പറ്റിയ വാഹനം ഇവിടെയില്ല. പഴക്കംകാരണം പൊട്ടിപ്പൊളിഞ്ഞ ഒരു ജീപ്പ് മാത്രമാണ് ഇവിടെയുള്ളത്. ഓണം അടുത്തതോടെ മദ്യത്തിന്റെ ഒഴുക്ക് കൂടിയെങ്കിലും സ്പെഷൽ ഡ്രൈവും പരിശോധനയും ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് ലഹരിവസ്തു വിൽപനമേഖലയിൽ ധാരാളമായി റിപ്പോർട്ടു ചെയ്യപ്പെടുകയാണ്. എന്നാൽ, ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനം എക്സൈസിന് നിലവിൽ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.