വിലങ്ങാട് മലയിലെ അനധികൃത കരിങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ രംഗത്ത്
text_fieldsനാദാപുരം: പരിസ്ഥിതിലോല പ്രദേശത്തെ കരിങ്കൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നേരത്തെ ജനകീയ പ്രതിഷേധവും എതിർപ്പും കാരണം പ്രവർത്തനം നിർത്തിവെച്ച വിലങ്ങാട് മലയങ്ങാട് മലയിലാണ് ക്വാറി പ്രവർത്തനം പുനരാരംഭിച്ചത്.
ജനവാസകേന്ദ്രത്തിന് തൊട്ടടുത്ത് തന്നെയാണ് ഖനനമേഖല എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വനാതിർത്തിയും മലയോട് ചേർന്നുതന്നെയാണ് കിടക്കുന്നത്. പരിസ്ഥിതി ആഘാത ഭീഷണി നിലനിൽക്കുന്നതിനാൽ സർക്കാർ ഓറഞ്ച് സോണിൽപെടുത്തി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.
തൃശൂർ, മലപ്പുറം കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഖനനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. വീടിനും കൃഷിസ്ഥലങ്ങൾക്കും ഭീഷണിയുയർത്തിയുള്ള ഖനന പ്രവർത്തനങ്ങൾക്കെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. ക്വാറി പ്രവർത്തനം കാരണം ആദിവാസി മേഖലയിലേക്ക് എത്താനുള്ള കബളിപ്പാറ-ചിറ്റാരി റോഡ് തകർച്ച ഭീഷണിയിലാണ്. കൂടാതെ കബളിപ്പാറ, മലയങ്ങാട്, വാളാംതോട് വഴി വിലങ്ങാട് പുഴയോട് ചേരുന്ന നിരവധി തോടുകളും അരുവികളും മണ്ണും മറ്റ് ഖനന വസ്തുക്കളും കുമിഞ്ഞുകൂടി നാശത്തിന്റെ വക്കിലാണ്.
അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ഖനനത്തിനെതിരെ പ്രദേശവാസികളുടെ സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. സമരത്തിന്റെ ഭാഗമായി 15ന് വാണിമേൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ധർണ ഉദ്ഘാടനം ചെയ്യും. ജനകീയ കൺവെൻഷനിൽ കെ. അശോകൻ അധ്യക്ഷത വഹിച്ചു. റോബിൻ ജോസഫ് ജിതിൻദാസ് തുടങ്ങിയവർ സംസാരിച്ചു.
പരിസ്ഥിതിലോല പ്രദേശവും ജനവാസ കേന്ദ്രവുമായതിനാൽ സർക്കാർ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയ വിലങ്ങാട് മലയൻകാട്ട് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ഖനന പ്രവർത്തനം തടയാൻ അധികൃതർ മുന്നോട്ടുവരണമെന്ന് ജനാധിപത്യ ധ്വംസനവിരുദ്ധ ജില്ല നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. ക്വാറിക്കെതിരെ പ്രക്ഷോഭം നടത്തുന്ന നാട്ടുകാർക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.കെ. മമ്മു ഉദ്ഘാടനം ചെയ്തു. രാജൻ മാസ്റ്റർ, പ്രഫ. കമലാനായർ, അനീഷ് മേനോൻ പേരാമ്പ്ര, ഡൽഹി കേളപ്പൻ തുടങ്ങിയവർ സംസാരിച്ചു. റഹിമാൻ മലാപ്പറമ്പ് അധ്യക്ഷത വഹിച്ചു. മോളി ടീച്ചർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.