ലോക്ഡൗൺ ലംഘനം വ്യാപകം; വസ്ത്രവിൽപന കടയുടമക്ക് 32,000 രൂപ പിഴ
text_fieldsനാദാപുരം: ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കച്ചവടം ചെയ്ത കല്ലാച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരെ പൊലീസ് പിഴ ചുമത്തി. 32,000 രൂപ പിഴയും സ്ഥാപനത്തിലെ പത്തോളം ജീവനക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു .
കടയുടെ മുൻഭാഗം മറച്ച് പിന്നിലൂടെ ഉപഭോക്താക്കളെ കടയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. സാധനം വാങ്ങാനെത്തിയവർക്കും ലോക്ഡൗൺ നിയമം ലംഘിച്ചതിനാൽ പിഴ ചുമത്തിയതായി പൊലീസ് പറഞ്ഞു.
നാദാപുരത്ത് കഴിഞ്ഞ ദിവസം ഇതേ രീതിയിൽ പ്രവർത്തിച്ച രണ്ടു വസ്ത്ര വ്യാപര സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പെരുന്നാൾ പ്രമാണിച്ച് പുതു വസ്ത്രത്തിന് ആവശ്യക്കാർ ഏറെ ഉള്ളതിനെ തുടർന്നാണ് ഫോൺ വഴിയും മറ്റും ഇത്തരം കച്ചവടം നടക്കുന്നത്.
വരും ദിവസങ്ങളിലും ലോക്ഡൗൺ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
സമ്പർക്ക വിലക്ക് ലംഘിച്ച യുവാവിനെതിരെ കേസെടുത്തു
നാദാപുരം: സമ്പർക്ക വിലക്ക് ലംഘിച്ച യുവാവിനെതിരെ കേസെടുത്തു. നാലാം വാർഡിൽ വിഷ്ണുമംഗലത്തെ വീട്ടിൽ കോവിഡ് പോസിറ്റിവായ യുവാവിനെതിരെയാണ് ആരോഗ്യ വകുപ്പ് കേസെടുത്തത്.
ക്വാറൻറീൻ ലംഘിച്ച് ഇയാൾ കല്ലാച്ചിയിലെ വിവിധ കടകളിൽ സന്ദർശനം നടത്തുകയും വാർഡ് ആർ.ആർ.ടി നിർദേശങ്ങൾ ലംഘിക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിയെ തുടർന്ന് വീട്ടിൽ പരിശോധനക്കെത്തിയപ്പോൾ ആരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജപ എമിമ, സിജു പ്രശാന്ത്, സിവിൽ പൊലീസ് ഓഫിസർ ഇ.എം. ഉണ്ണി എന്നിവർ പങ്കെടുത്തു.
കോവിഡ് രോഗി പുറത്തിറങ്ങി; പൊലീസ് വീട്ടിലെത്തിച്ചു
വടകര: ക്വാറൻറീനിലായ കോവിഡ് രോഗി വീടിനു പുറത്തിറങ്ങി. നടക്കുതാഴയിലെ 72കാരനാണ് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ പുറത്തിറങ്ങിയത്.
ഇയാളെ കാണാതായതോടെ വീട്ടുകാർ ആർ.ആർ.ടി വളൻറിയർമാരെ ബന്ധപ്പെടുകയായിരുന്നു. ഇവർ വടകര പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും വാർഡ് മെംബറും തിരച്ചിൽ നടത്തി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വടകര ടൗണിലെ ക്യൂൻസ് റോഡിലെ കടക്ക് മുന്നിൽ ഇരിക്കുകയായിരുന്ന ഇയാളെ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് വീട്ടിലെത്തിച്ചു.
മാനസിക പിരിമുറുക്കം കാരണമാണ് 10 ദിവസമായി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ഇയാൾ പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.