വിലങ്ങാട് മലയങ്ങാട് ക്വാറിയിൽ യന്ത്രങ്ങൾ; വീണ്ടും പ്രതിഷേധം
text_fieldsനാദാപുരം: ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനാനുമതി നിഷേധിച്ച വിലങ്ങാട് മലയങ്ങാട് ക്വാറിയിൽ യന്ത്രങ്ങളെത്തിച്ചത് വീണ്ടും പ്രതിഷേധത്തിനിടയാക്കി. ശനിയാഴ്ച രാവിലെയാണ് കംപ്രസറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ക്വാറിയിൽ എത്തിച്ചത്. സമരസമിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് അധികൃതർ യന്ത്രങ്ങൾ തിരികെയെടുപ്പിക്കുകയായിരുന്നു.
നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ക്വാറിയിൽ വെള്ളിയാഴ്ച നടന്ന നാട്ടുകാരുടെ സമരത്തിനിടെ പൊലീസ് നടത്തിയ ബലപ്രയോഗത്തിലും ലാത്തിച്ചാർജിലും ഒമ്പത് സമരസമിതി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് വാഹനത്തിൽ വെച്ചും മർദിച്ചതായി പരാതി ഉയർന്നിരുന്നു. ക്വാറിക്കെതിരെ നിരന്തരം പരാതി ഉയർന്നിട്ടും ഖനന സ്ഥലം സന്ദർശിക്കാനോ നടപടിയെടുക്കാനോ പഞ്ചായത്തധികൃതർ തയാറായിരുന്നില്ല. പൊലീസ് നടപടിയിലൂടെ സംഭവം വിവാദമായതോടെയാണ് പഞ്ചായത്തധികൃതർ ക്വാറിയിൽ പരിശോധനക്ക് തയാറായത്.
പരിശോധനയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയത്. പരിസ്ഥിതിലോലവും സർക്കാറിന്റെ നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്ത സ്ഥലത്ത് ചെറുകിട ഖനനത്തിനാണ് അനുമതിയുണ്ടായിരുന്നത്. ഇതിന്റെ മറവിൽ സ്ഥലത്ത് വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം നടത്തുകയും വൻതോതിൽ ഭൂമി ഇടിച്ചു നിരപ്പാക്കുകയുമായിരുന്നു. പ്രദേശത്തെ താമസക്കാരുടെ വീടിനും കൃഷിസ്ഥലങ്ങൾക്കും ജലസ്രോതസ്സുകൾക്കും ക്വാറി പ്രവർത്തനം കനത്ത ഭീഷണി സൃഷ്ടിക്കുന്നതായി സമരസമിതി പ്രവർത്തകർ പറഞ്ഞു. പല നീർച്ചാലുകളും അടഞ്ഞനിലയിലാണ്.
വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ ആദിവാസി സ്ത്രീകളെ മർദിക്കുകയും വംശീയ പരാമർശം നടത്തുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് സമരസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. വളയം സി.ഐ ജീവൻ ജോർജാണ് സംഭവസ്ഥലത്ത് വിവാദ പരാമർശം നടത്തിയത്. ഇദ്ദേഹത്തിന്റെ വിവാദ പരാമർശമടങ്ങിയ വിഡിയോയും സ്ത്രീകൾക്ക് നേരെയുള്ള ആക്രോശങ്ങളും മേഖലയിൽ വൈറലാവുകയാണ്.
വിലങ്ങാട് മലയൻകാട് പ്രദേശത്ത് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന കരിങ്കൽ ഖനനത്തിനതിരെ ക്വാറി പരിസരത്ത് പ്രതിഷേധിച്ച ആദിവാസി കുടുംബങ്ങളുൾപ്പെടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കും നേരെ മൃഗീയമായ മർദനമഴിച്ചുവിട്ട വളയം സി.ഐ ജീവൻ ജോർജിന്റെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർക്ക് സംരക്ഷണം നൽകണമെന്നും ജനാധിപത്യ ധ്വംസനവിരുദ്ധ സമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.കെ. മമ്മു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.