മാവോവാദി സാന്നിധ്യം; കോഴിക്കോട് ജില്ല അതിർത്തികളിൽ പരിശോധന
text_fieldsനാദാപുരം: വയനാട് വനമേഖലയിൽ മാവോവാദി സാന്നിധ്യത്തിന്റെ പാശ്ചാത്തലത്തിൽ ജില്ലയിൽ വനമേഖലയോട് ചേർന്ന അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.
പൊലീസും തണ്ടർബോൾട്ടും സ്പെഷൽ ഓപറേഷൻ ടീമുമാണ് ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നത്. വളയം, കുറ്റ്യാടി, തൊട്ടിൽപാലം, കൂരാച്ചുണ്ട്, പെരുവണ്ണാമുഴി, താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണവം, വയനാട്, പേര്യ വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിലാണ് പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കർശനമാക്കിയത്. ഈ സ്റ്റേഷനുകൾക്ക് രാത്രികാലത്ത് അധികസുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടാതെ മലയോര മേഖലകളിലെ ടൗണുകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ഉൾപ്പെടെ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
2013, 2014, 2016ലുമായി വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ മലയോരത്തെ വിവിധ ഇടങ്ങളിൽ രൂപേഷ് ഉൾപ്പെടെയുള്ള മാവോവാദികൾ എത്തിയതിന് കേസെടുത്തിരുന്നു. 2022, 2023 വർഷങ്ങളിൽ തൊട്ടിൽപാലം സ്റ്റേഷൻ പരിധിയിലെ പശുക്കടവ് മേഖലകളിൽ മൂന്ന് പ്രാവശ്യവും മാവോവാദികൾ സാന്നിധ്യം അറിയിച്ചിരുന്നു. വയനാട് വനമേഖലയിൽ മാവോവാദികൾക്കായി പൊലീസ് നടപടി കർശനമാക്കിയതോടെ മാവോവാദികൾ ജില്ലയിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
നേരത്തെ ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാരെയാണ് പ്രത്യേക പരിശോധനക്കായി തണ്ടർബോൾട്ട് സേനാംഗങ്ങൾക്കൊപ്പം നിയോഗിച്ചിട്ടുള്ളത്. പ്രത്യേക പരിശോധനക്ക് പൊലീസ് സ്റ്റേഷനുകളിൽനിന്നും പൊലീസുകാരെ നിയമിച്ചത് സ്റ്റേഷനുകളിലെ അംഗബലം കുറക്കാനിടയാക്കിയത് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.