കയറിക്കിടക്കാൻ ഇടമില്ലാതെ മയിലമ്മയും ബാലസ്വാമിയും
text_fieldsനാദാപുരം: വാർധക്യത്തിന്റെ അവശതയിലും കയറിക്കിടക്കാൻ ഇടം തേടിയുള്ള അലച്ചിലിലാണ് വൃദ്ധ ദമ്പതികളായ മയിലമ്മയും ബാലസ്വാമിയും. കണ്ണൂരിൽ ജനിച്ചുവളർന്ന ഇവർ താമരശ്ശേരി അമ്പായത്തോടിൽ മിച്ചഭൂമിയായി ലഭിച്ച ഭൂമിയിൽ കുടിൽ കെട്ടിയാണ് താമസിച്ചിരുന്നത്.
വീടു നിർമാണത്തിന് സർക്കാർ സഹായം പ്രതീക്ഷിച്ചിരുന്ന ഇവർക്ക് നിരാശയായിരുന്നു ഫലം. ഒടുവിൽ നാട്ടുകാർ ചേർന്ന് വീടുവെച്ചു നൽകാൻ തീരുമാനിച്ചെങ്കിലും കോവിഡ് കാലം തടസ്സമായതായി ഇവർ പറയുന്നു. ടാർപോളിൻ ഷെഡിൽ കഴിയുകയായിരുന്ന ഇരുവരും നാടു വിടുകയായിരുന്നു. എത്തുന്ന സ്ഥലങ്ങളിലെ ബസ് വെയ്റ്റിങ് ഷെഡോ കടവരാന്തയോ ആണ് താമസസ്ഥലം.
അസുഖം മൂലം കാലുകൾ തളർന്ന അറുപത്തഞ്ചുകാരി മയിലമ്മയെ വീൽചെയറിൽ ഇരുത്തിയാണ് 70 തികഞ്ഞ ബാലസ്വാമി ശ്രുശ്രൂഷിക്കുന്നത്. വെയിലും മഴയുമേറ്റ് കല്ലാച്ചി മാർക്കറ്റ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇവരുടെ അവസ്ഥ ഏവരെയും ദു:ഖിപ്പിക്കും. മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത ഇവരെ ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. തെരുവ് നായ്ക്കളുടെ ശല്യമുള്ള സ്ഥലം കൂടിയാണ് മാർക്കറ്റ് പരിസരം. സമീപത്തെ വ്യാപാരികളും മറ്റും നൽകുന്ന ഭക്ഷണമാണ് ഇവർക്ക് ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.