കമ്പിളിപ്പാറയിലെ ഖനനം; അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
text_fieldsനാദാപുരം: കമ്പിളിപ്പാറയിലെ ക്വാറിപ്രവർത്തനം നിർത്തിവെക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയപാർട്ടികൾ രംഗത്ത്. പരിസ്ഥിതിക്കും ജനങ്ങളുടെ സ്വത്തിനും ജീവനും അപകടമാവുന്ന തരത്തിൽ കമ്പിളിപ്പാറയിൽ നടക്കുന്ന ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നും ക്വാറി പ്രവർത്തനത്തിന് പഞ്ചായത്ത് ഭരണസമിതി നൽകിയ അനുമതി പിൻവലിക്കണമെന്നും അഖിലേന്ത്യ കിസാൻസഭ നേതാക്കൾ ആവശ്യപ്പെട്ടു.
കിസാൻസഭ ജില്ല ജോ. സെക്രട്ടറി രജീന്ദ്രൻ കപ്പള്ളിയുടെ നേതൃത്വത്തിൽ നേതാക്കൾ പ്രദേശം സന്ദർശിച്ചു. ക്വാറി പ്രവർത്തനം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും കിസാൻസഭ ഉറപ്പുനൽകി.
ജില്ല കമ്മിറ്റി അംഗം ജലീൽ ചാലിക്കണ്ടി, മണ്ഡലം പ്രസിഡന്റ് സി.കെ. ബാലൻ, മുൻ പഞ്ചായത്ത് മെംബർ രാജു അലക്സ്, പഞ്ചായത്ത് സെക്രട്ടറി ടി.കെ. കുമാരൻ, ഫിലിപ് മാത്യു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പൊലീസിനെതിരെ നടപടി വേണം -സി.പി.ഐ (എം.എൽ)
നാദാപുരം: ജനങ്ങൾ നിലനിൽപിനുവേണ്ടി സമരം ചെയ്യുമ്പോൾ ക്വാറി മാഫിയകളുടെ പ്രലോഭനങ്ങൾക്ക് വഴിപെട്ട് പൊലീസ് ഉദ്യോഗസ്ഥർ നിയമലംഘകർക്കൊപ്പം നിന്ന് സമരം ചെയ്യുന്നവരെ മർദിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്ന് സി.പി.ഐ (എം.എൽ) ഏരിയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സ്ത്രീകളടക്കമുള്ളവരെ മർദിച്ച് അവശരാക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് അയക്കാതെ ധാർഷ്ട്യം കാണിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ക്വാറിമാഫിയകൾക്കുവേണ്ടി സാധാരണ ജനങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട സി.ഐ ജീവൻ ജോർജിനെ സസ്പെൻഡ് ചെയ്യണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തി ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. യോഗത്തിൽ ഏരിയ സെക്രട്ടറി സുധാകരൻ വേളം അധ്യക്ഷത വഹിച്ചു. ബാബുരാജ് കുറ്റ്യാടി, എം.എൻ. രവി, എടോനി ചന്ദ്രൻ, ശ്രീജിത്ത് ഒഞ്ചിയം എന്നിവർ സംസാരിച്ചു.
ക്വാറിമാഫിയക്ക് വേണ്ടി പൊലീസ് കുഴലൂത്ത് നടത്തരുത് -കോൺഗ്രസ്
നാദാപുരം: ക്വാറിമാഫിയക്ക് വേണ്ടി പൊലീസ് കുഴലൂത്ത് നടത്തരുതെന്ന് കോൺഗ്രസ് വാണിമേൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കമ്പിളിപ്പാറ കരിങ്കൽ ഖനന പ്രദേശത്ത് സമര സമിതി നടത്തിയ പ്രതിഷേധത്തെ പൊലീസ് ക്രൂരമായി നേരിട്ടതിനെതിരെയാണ് കോൺഗ്രസ് രംഗത്ത് വന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഓറഞ്ച് സോണിൽ ഉൾപ്പെട്ട പ്രദേശത്ത് ഖനനം നടത്തുന്നത് അങ്ങേയറ്റം അപകടകരമാണെന്നും പ്രദേശം സന്ദർശിച്ച ശേഷം കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത സമരത്തെ വളയം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും ജാതി പറഞ്ഞ് സമരനേതാക്കളെ അധിക്ഷേപിച്ചത് അപലപനീയമാണെന്നും നേതാക്കൾ പറഞ്ഞു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊരങ്കോട്ട് ജമാൽ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. മുത്തലിബ്, യു.പി. ജയേഷ് കുമാർ, ഡോൺ കെ. തോമസ്, ലത്തീഫ് കുണ്ടിൽ, കെ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.