ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്നതിനിടെ കാണാതായ യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി; ഭർത്താവിനെ വേണ്ടെന്ന് മൊഴി
text_fieldsനാദാപുരം: കുറുവന്തേരിയിലെ ഭർതൃവീട്ടിൽനിന്ന് കാണാതായ യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. കൊല്ലം സ്വദേശിനി 21കാരിയെ രണ്ടുദിവസം മുമ്പ് വളയത്തെ ഭർതൃവീട്ടിൽനിന്നും കാണാതാവുകയായിരുന്നു.
വീട്ടുകാർ പരാതി നൽകി കാത്തിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭർത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
കൊല്ലത്തുനിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനുമൊപ്പമാണ് യുവതി വളയം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. മൂന്നര വർഷം മുമ്പായിരുന്നു വിവാഹം. യുവതിയുടെ ഗൾഫിലുള്ള ബന്ധുക്കൾ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഭർതൃവീട്ടിൽ ഉറങ്ങാൻകിടന്ന യുവതിയെ ബുധനാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
താലി ഉൾപ്പെടെ ഭർതൃവീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവെച്ചാണ് പോയത്. രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും കൊണ്ടുപോയിരുന്നു. യുവതിയെ വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.