മുത്തലാഖ്; പൊലീസ് കേസെടുത്തു
text_fieldsനാദാപുരം: സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കോടതിയിൽ കേസ് നടക്കുന്നതിനിടെ മുത്തലാഖ് ചൊല്ലിയതിനെതിരെ കേസെടുത്തു. എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് കോടതി നിർദേശ പ്രകാരം നാദാപുരം പൊലീസ് കേസെടുത്തത്. 2015 ഒക്ടോബർ മാസം 25നാണ് വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം ജാസിമും ഭർതൃബന്ധുക്കളും ചേർന്ന് കൂടുതൽ സ്വർണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ആദ്യ ഭാര്യയുടെ പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് ഭർതൃ വീട്ടിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതേ തുടർന്ന് ബന്ധുക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി.
635/21 നമ്പറിൽ കേസ് എടുത്ത് നാദാപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടന്നുവരുകയാണ്. വടകര കുടുംബകോടതിയിൽ സ്വർണാഭരണങ്ങൾ തിരിച്ചു കിട്ടാനും ചെലവിനുമായി മറ്റൊരു കേസുമുണ്ട്. എന്നാൽ, ഈ മാസം നാലിന് നടപടിക്രമങ്ങൾ പാലിക്കാതെ ത്വലാഖ് ചൊല്ലിയതായി യുവതിയെ വിവരം അറിയിക്കുകയായിരുന്നു. മാത്രമല്ല ഈ മാസം അഞ്ചിന് വടകര കുടുംബ കോടതി പരിസരത്തുവെച്ച് മുത്തലാഖ് ചൊല്ലിയതായും അറിയിച്ചു. യുവതിയുടെ പരാതിയിൽ കോടതിയുത്തരവ് പ്രകാരമാണ് നാദാപുരം പൊലീസ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.