നാദാപുരത്ത് തനിയാവര്‍ത്തനം
text_fieldsവടകര: നാദാപുരം മണ്ഡലത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പുതുമകളൊന്നുമില്ല. മുഖ്യകക്ഷികളുടെ സ്ഥാനാര്‍ഥികളും ചിഹ്നവുമെല്ലാം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതുതന്നെ. പ്രചാരണത്തിലും ആരോപണ പ്രത്യാരോപണങ്ങളിലും മാറ്റമില്ല. 10 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എല്‍.ഡി.എഫിലെ ഇ.കെ. വിജയന് തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി.
കഴിഞ്ഞ തവണ ഗോദയിലുണ്ടായിരുന്ന കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയിലെ എം.പി. രാജനുമാണുള്ളത്. ഈ ആവര്ത്തനങ്ങള്ക്കിടയില് കരുത്തുതെളിയിക്കാന്‍ എസ്.ഡി.പി.ഐക്കുവേണ്ടി കെ.കെ. നാസറും രംഗത്തുണ്ട്. 1970 മുതല്‍ അഞ്ചു പതിറ്റാണ്ടായി സി.പി.ഐയുടെ സ്വന്തമാണ് നാദാപുരം.
മണ്ഡലം നിലനിര്‍ത്താന്‍ വീണ്ടും വിജയന്‍തന്നെ വേണമെന്ന ആവശ്യം സി.പി.എമ്മില്നിന്നുള്പ്പെടെ ഉയര്‍ന്നതോടെയാണ് സി.പി.ഐ വീണ്ടുവിചാരം നടത്തിയത്. എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണുള്ളതെന്നും ഇടതുമുന്നണി പറയുന്നു. എന്നാല്‍, അഞ്ചു പതിറ്റാണ്ട് നാദാപുരത്തിന് വികസന മുരടിപ്പിേൻറത് മാത്രമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍തന്നെ, നിലയുറപ്പിച്ച തനിക്ക് എല്ലാവരെയും സുപരിചിതമാണെന്ന് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അവകാശപ്പെടുന്നു. കാലം ആവശ്യപ്പെടുന്ന വികസനപ്രവൃത്തി നാദാപുരത്തിലില്ലെന്നാണ് പ്രധാന വിമര്‍ശനം.
10 പഞ്ചായത്തുകളുള്‍പ്പെടുന്ന മണ്ഡലമാണ് നാദാപുരം. നാദാപുരം, തൂണേരി, വാണിമേല്‍, ചെക്യാട് എന്നിവിടങ്ങളില്‍ യു.ഡി.എഫും വളയം, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, എടച്ചേരി, കാവിലുംപാറ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. കായക്കൊടി എല്‍.ഡി.എഫ് നേടിയത് നറുക്കെടുപ്പില്‍ കൂടിയാണ്. ഇവിടെ വൈസ് പ്രസിഡൻറ് സ്ഥാനം യു.ഡി.എഫിനാണ്.
പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന് മണ്ഡലത്തില്‍ നേടിയ ഭൂരിപക്ഷമാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. 2016ല്‍ ഇ.കെ. വിജയന് 4759 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയിരുന്നത്. എന്നാല്‍, പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 17,596 വോട്ടിെൻറ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഈ മേഖലയില്‍ ഏറെ പ്രവാസികളുള്ള മണ്ഡലംകൂടിയാണ് നാദാപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞത് നേട്ടമായി യു.ഡി.എഫ് പറയുന്നു.
ഇ.കെ. വിജയന് (എല്‍.ഡി.എഫ്)10 വര്‍ഷം നാദാപുരത്ത് വന്‍ വികസന മുന്നേറ്റമാണുണ്ടായത്. സമസ്തമേഖലയിലും കുതിച്ചുചാട്ടമുണ്ടായി. ഭാവിതലമുറയെ കണ്ടുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. മണ്ഡലത്തിലെ മുഴുവന്‍ ആതുരാലയങ്ങളും മികച്ച നിലവാരത്തിലായി. സംസ്ഥാനസര്‍ക്കാറിെൻറ പദ്ധതികളിലേറെയും മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കി. കാവിലുംപാറ വൈദ്യുതിപദ്ധതി യാഥാർഥ്യമായി. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇത്തവണ ചരിത്രവിജയം ആവര്‍ത്തിക്കും.
അഡ്വ. കെ. പ്രവീണ്‍ കുമാര്‍ (യു.ഡി.എഫ്)
അഞ്ചു പതിറ്റാണ്ടായി ഒരുപാര്‍ട്ടിയും മുന്നണിയും നാദാപുരത്തുനിന്ന് വിജയിച്ചിട്ട് വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. മേഖലയില്‍ നല്ല ആശുപത്രിയില്ല, വിദ്യാഭ്യാസ സ്ഥാപനമില്ല. കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് താങ്ങാവുന്ന, വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പ്രവാസി സംരംഭകരുടെ നാട്ടില്‍ ഇവരുടെ സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടില്ല. പ്രകൃതിരമണീയമായ നാട്ടില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കിയില്ല. കുടിവെള്ളപദ്ധതികള്‍ യാഥാർഥ്യമാക്കാനോ ഗ്രാമീണ റോഡുകള്‍ പലതും ഗതാഗതയോഗ്യമാക്കാനോ സാധിച്ചില്ല. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു, വിജയം സുനശ്ചിതമാണ്.
എം.പി. രാജന്(എന്‍.ഡി.എ)
പാവപ്പെട്ടവെൻറ സര്‍ക്കാറെന്ന് പറഞ്ഞ് അധികാരത്തിെലത്തിയവര് അഴിമതിസര്ക്കാറായി മാറി. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി. സ്പീക്കറടക്കം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കുരുക്കില്‍പെട്ടു. ഒപ്പം, വികസനത്തില്‍ മണ്ഡലം പിറകോട്ടുപോയി. മാലിന്യസംസ്കരണത്തിന് പദ്ധതികള്‍ ആവിഷ്കരിച്ചില്ല. നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയിലെ കുരുക്കഴിക്കാനുള്ള ബൈപാസ് റോഡ് കടലാസിലൊതുങ്ങി. മലയോര ഹൈവേ പ്രാവര്‍ത്തികമായില്ല. മോയിന്‍കുട്ടി വൈദ്യർ സ്മാരകവും ട്രഷറിയും ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.