നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫിസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൂട്ടി
text_fieldsനാദാപുരം: പഞ്ചായത്ത് രണ്ടാം വാർഡിലെ ദേശപോഷിണി വായനശാല കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് ബഡ്സ് സ്കൂൾ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങളും ഡി.വൈ.എഫ്.ഐയും പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധ സമരം നടത്തി. ചൊവ്വാഴ്ച രാവിലെയാണ് പഞ്ചായത്ത് ബോർഡ് യോഗത്തിലും പഞ്ചായത്ത് പ്രവേശനകവാടത്തിലും പ്രതിഷേധസമരം അരങ്ങേറിയത്. സമരം ഏറെനേരം പഞ്ചായത്ത് ഓഫിസ് പരിസരം സംഘർഷഭരിതമാക്കി.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രവേശനകവാടം ഉപരോധിച്ചു. ഓഫിസിനുള്ളിൽ കടന്ന പ്രവർത്തകർ ഗേറ്റിന് പൂട്ടിട്ട് അകത്തുനിന്ന് മുദ്രാവാക്യം വിളി ആരംഭിക്കുകയായിരുന്നു. പൂട്ടുപൊളിച്ചശേഷം അകത്തുകടന്ന പൊലീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പരാതിയില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുത്ത് 12 സമരക്കാരെ വിട്ടയച്ചു. ഇതേസമയം ബോർഡ് യോഗം നടന്ന മുകൾനിലയിൽ എൽ.ഡി.എഫ് പഞ്ചായത്തംഗങ്ങൾ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വായനശാല പൊളിച്ചുമാറ്റി ബഡ്സ് സ്കൂൾ നിർമിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്നായിരുന്നു എൽ.ഡി.എഫ് അംഗങ്ങളുടെ ആവശ്യം. ബോർഡ് യോഗത്തിലെ പ്രതിഷേധത്തിന് ശേഷം എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. അഡ്വ. പി. രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. രജീഷ് അധ്യക്ഷത വഹിച്ചു. സി.എച്ച്. വിഷ്ണു, വി.പി. ഷഹറാസ് എന്നിവർ സംസാരിച്ചു.
സി.പി.എം സമരം പഞ്ചായത്ത് അംഗം പി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ. ബിജിത്ത് അധ്യക്ഷനായി. കെ.പി. കുമാരൻ, എ. ദിലീപ് കുമാർ, വി.പി. കുഞ്ഞിരാമൻ, നിഷ മനോജ്, ടി. ലീന, റോഷ്ന പിലാക്കാട്ട് എന്നിവർ സംസാരിച്ചു.
സമരം അനാവശ്യം –ഭരണസമിതി
നാദാപുരം: ഇയ്യങ്കോട് വായനശാലാവിഷയം ഉയർത്തിക്കാട്ടി ഗ്രാമപഞ്ചായത്തിനെതിരെ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രസിഡൻറ് വി.വി. മുഹമ്മദലി. ഇയ്യങ്കോട് ദേശപോഷിണി വായനശാല കെട്ടിടം ജീർണിച്ചതിനാൽ അവിടെ ബഹുമുഖ പദ്ധതികൾക്കുള്ള പുതിയ കെട്ടിടം നിർമിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തീരുമാനമെടുത്തതാണ്.
അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയാൽ പരിഗണിക്കാമെന്നറിയിച്ചിട്ടും അംഗങ്ങൾ സമരം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.