ദുരൂഹത ഒഴിയാതെ നാദാപുരത്തെ ക്വട്ടേഷൻ തട്ടിക്കൊണ്ടുപോകൽ
text_fieldsനാദാപുരം: പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ദുരൂഹത ഇനിയും മാറിയില്ല. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മുടവന്തേരിയിലെ പ്രവാസി വ്യാപാരി എം.ടി.കെ അഹ്മദിനെ ക്വട്ടേഷൻസംഘം വീടിനു സമീപംവെച്ച് പുലർച്ച തട്ടിക്കൊണ്ടുപോയത്. ഗൾഫിലെ വ്യാപാരത്തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരുന്നത്.
തട്ടിക്കൊണ്ടുപോകൽ സംഭവം നാദാപുരം മേഖലയിൽ രാഷ്ട്രീയ വിവാദമായിരുന്നു. യു.ഡി.എഫ് നേതൃത്വം പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുകയും തൂണേരിയിൽ കർമസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ പരാതിയിൽ ആളെ കാണാനില്ല എന്ന വകുപ്പിൽ കേസെടുത്ത നാദാപുരം പൊലീസ് പ്രതിഷേധത്തെ തുടർന്ന് തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾകൂടി കൂട്ടിച്ചേർക്കുകയായിരുന്നു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാൾ മൂന്നാംദിവസം സ്വന്തം വീട്ടിൽ തിരിച്ചെത്തി. മലപ്പുറത്ത് അജ്ഞാത കേന്ദ്രത്തിൽ താമസിപ്പിച്ച ക്വട്ടേഷൻ സംഘം രാമനാട്ടുകരക്ക് സമീപം വാഹനത്തിൽ ഉപേക്ഷിച്ചപ്പോൾ കെ.എസ്.ആർ.ടി സി ബസിൽ കയറി രക്ഷപ്പെട്ടു എന്നാണ് ഇയാൾ പിന്നീട് വെളിപ്പെടുത്തിയത്. ക്വട്ടേഷൻ സംഘത്തിെൻറ പങ്ക് വ്യക്തമായി മനസ്സിലായിട്ടും പിന്നീട് ഇയാളെ ചോദ്യം ചെയ്യാനോ പ്രതികളെ കണ്ടെത്താനോ പൊലീസ് തയാറായിട്ടില്ല. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവ കാറും കണ്ടെത്തിയിട്ടില്ല. പകരം ഇയാളുടെ വീടിനു സമീപമുള്ള ഒരു യുവാവിനെതിരെ കേസെടുക്കുക മാത്രമാണ്ചെയ്തത്.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന കർമസമിതിയും ഇപ്പോൾ മൗനത്തിലാണ്. ക്വട്ടേഷൻ സംഘം പുറമേരി കുനിങ്ങാട് റോഡിൽവെച്ചും മറ്റൊരു സംഭവത്തിൽ കല്ലാച്ചി പയന്തോങ്ങിൽവെച്ചും കാറിലെത്തിയ സംഘം കുഴൽപ്പണ വിതരണ ഏജൻറിനെ തടഞ്ഞുനിർത്തി കൊള്ളയടിച്ചു പണവുമായി കടന്നുകളഞ്ഞിരുന്നു. ഈ സംഭവത്തിലും ക്വട്ടേഷൻ സംഘത്തെയാണ് സംശയിക്കുന്നത്.
സംഭവം നടന്ന് രണ്ടു വർഷമായി. എന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വർണക്കടത്ത് കേസിെൻറ പേരിൽ ക്വട്ടേഷൻ വിവാദം നടക്കുന്നതിനിടെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇത്തരക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.