നാദാപുരം താലൂക്ക് ആശുപത്രി; സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കാത്തിരിപ്പിന് വിരാമമായില്ല
text_fieldsനാദാപുരം: താലൂക്ക് ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. ഡോക്ടർമാർ സ്ഥലംമാറിപ്പോയ ഇ.എൻ.ടി, സർജറി വിഭാഗത്തിലെ ഒഴിവിലും നിയമനമില്ല. ഒ.പിയിൽ എത്തുന്ന രോഗികളെ പരിശോധിക്കാൻ ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതിനാൽ സമീപത്തെ പി.എച്ച്.സിയിലെയും കമ്യൂണിറ്റി സെന്ററിൽ നിന്നും ഡോക്ടർമാരെ വിളിച്ചുവരുത്തിയാണ് രോഗികൾക്ക് സേ വനം നൽകുന്നത്. ദിവസവും 500ലധികം രോഗികളാണ് ആശുപത്രിയിൽ ചികിത്സക്കായി എത്താറുള്ളത്.
രണ്ടു ഡോക്ടർമാരെ വെച്ചാണ് ഇത്രയും രോഗികളെ പരിശോധിക്കുന്നത്. എൻ.ആർ.എച്ച്.എം അടക്കം പതിനാറോളം ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിൽ ലഭിക്കേണ്ടത്. ഇതിൽ ഓർത്തോ, ജനറൽ മെഡിസിൻ, പിഡിയാട്രിക്, സ്കിൻ, ഡെൻറൽ, സർജറി, അനസ്തേഷ്യ ഉൾപ്പെടെയുള്ള തസ്തികകളും ഉൾപ്പെടുന്നു. എന്നാൽ, നിലവിൽ പിഡിയാട്രിക്, സ്കിൻ, ജനറൽ മെഡിസിൻ തസ്തികയിൽ മാത്രമാണ് ഡോക്ടറുള്ളത്. ഇവർക്ക് തന്നെ ഒ.പി. ചുമതലകൂടി വരുന്നതോടെ ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് ബന്ധപ്പെട്ട രോഗികൾക്ക് പ്രത്യേക സേവനം ലഭിക്കുന്നത്. ജനറൽ മെഡിസിനിൽ അനുബന്ധ സേവനങ്ങളൊന്നുമില്ലാത്തതിനാൽ അത്യാഹിത രോഗികൾക്ക് ഇവിടെ കിടത്തിചികിത്സയും ലഭ്യമല്ല. ഇവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടാറാണ് പതിവ്. സർജറി, പ്രസവചികിത്സ ഇവക്കാവശ്യമായ രണ്ട് തിയറ്ററുകൾ ആശുപത്രിയിലുണ്ട്. വർഷങ്ങളായി ഇവ ഉപയോഗിക്കാത്തതിനാൽ ഉപകരണങ്ങൾ ആർക്കും ഉപകാരമില്ലാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. ആരോഗ്യമന്ത്രിയടക്കം ആശുപത്രി സന്ദർശിച്ച് പോരായ്മകൾ വിലയിരുത്തിയെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.