നവകേരള സദസ്സ്; നാദാപുരത്ത് ഒരുക്കം പൂർത്തിയായി
text_fieldsനാദാപുരം: വെള്ളിയാഴ്ച നാദാപുരത്ത് എത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ കല്ലാച്ചിയിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി കാലത്ത് 11 മണിക്ക് കല്ലാച്ചിമാരാം വീട്ടിൽ ഗ്രൗണ്ടിൽ നടക്കും. 8 മണി മുതൽ പ്രത്യേകം തയാറാക്കിയ 15 കൗണ്ടറിൽ പരാതികൾ സ്വീകരിക്കും.
30000 ആളുകൾ സദസ്സിൽ എത്തുമെന്ന് സംഘാടകർ പറഞ്ഞു. പരിപാടിക്ക് ശേഷം ഓത്തിയിൽ ഫുഡ് കോർട്ടിലെ ഭക്ഷണത്തിനുശേഷം നാദാപുരം അതിഥി മന്ദിരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിശ്രമിക്കും. തുടർന്ന് പേരാമ്പ്രയിലെ സ്വീകരണ സ്ഥലത്തേക്ക് തിരിക്കും.
ഇ.കെ. വിജയൻ എം.എൽ. എ, നോഡൽ ഓഫിസർ ഡോ. ജോസഫ് കുര്യാക്കോസ്, പി.പി. ചാത്തു, വി.പി. കുഞ്ഞികൃഷ്ണൻ, ടി.കെ. രാജൻ, പി.എം. നാണു, കരിമ്പിൻ ദിവാകരൻ, കെ.പി. കുമാരൻ, എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട് തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി. ഡി.വൈ.എസ്.പി ലതീഷ്, സി.ഐ. ഇ.വി. ഫായിസ് അലി, എസ്.ഐ എസ്. ശ്രീജിത്ത്, ഫെബിന മുഹമ്മദ് അഷ്റഫ് എന്നിവർ സംബന്ധിച്ചു.
വിളംബര ജാഥ
തിരുവള്ളൂർ: മേമുണ്ടയിൽ വെള്ളിയാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി തിരുവള്ളൂരിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത് സംഘാടക സമിതി ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, കൺവീനർ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് അബ്ദുൽ അസീസ്, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
നാദാപുരത്ത് നാളെ; യാത്ര നിയന്ത്രണം
നാദാപുരം: നവകേരള സദസ്സിന്റെ ഭാഗമായി വെള്ളിയാഴ്ച നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിവൈ.എസ്.പി, വി.വി. ലജീഷ് അറിയിച്ചു. കുറ്റ്യാടി ഭാഗത്തുനിന്ന് നവ കേരള സദസ്സിലേക്ക് വരുന്ന ബസുകൾ, സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പയന്തോങ്ങ് ഹൈടെക് സ്കൂളിനടുത്തുള്ള ടൗണിൽ യാത്രക്കാരെ ഇറക്കി അവിടെ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് തിരിച്ചുപോയി റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തു നിർത്തേണ്ടതാണ്.
• പുറമേരി, എടച്ചേരി ഭാഗങ്ങളിൽനിന്ന് നവകേരള സദസ്സിലേക്ക് വരുന്ന ബസുകൾ, സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ, കാറുകൾ, മറ്റു ചെറിയ വാഹനങ്ങൾ എന്നിവയെല്ലാം നാദാപുരം ബസ് സ്റ്റാൻഡിൽ ആളെ ഇറക്കിയശേഷം ചാലപ്പുറം റോഡിലേക്ക് കയറ്റി റോഡിന്റെ ഇടതുഭാഗത്ത് പാർക്ക് ചെയ്യണം.
• ഇരിങ്ങണ്ണൂർ, പാറക്കടവ്, ചെക്ക്യാട് ഭാഗങ്ങളിൽനിന്ന് നവകേരള സദസ്സിലേക്ക് വരുന്ന ബസുകൾ. സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ, കാറുകൾ മറ്റു ചെറിയ വാഹനങ്ങൾ എന്നിവ നാദാപുരം എം.ആർ.എ ബേക്കറി, പാർക്കോ ജ്വല്ലറി ഭാഗങ്ങളിൽ ആളെ ഇറക്കി വടകര ഭാഗത്തേക്ക് പോയി ശാദുലിറോഡിൽ ഇടതുവശം പാർക്ക് ചെയ്യണം.
• വാണിമേൽ, വളയം ഭാഗത്തുനിന്നും നവകേരള സദസ്സിലേക്ക് വരുന്ന ബസുകൾ, സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ, കാറുകൾ, ചെറിയ വാഹനങ്ങൾ എന്നിവ വിംസ് ആശുപത്രി ഭാഗങ്ങളിൽ ആളുകളെ ഇറക്കി ആവോലം, പേരോട്, ഭാഗത്തെ മെയിൻ റോഡിൽ ഇടതു വശത്ത് പാർക്ക് ചെയ്യണം.
• നരിപ്പറ്റ, കുവ്വക്കാട് അമ്പലം ഭാഗത്തുനിന്നും നവകേരള സദസ്സിലേക്ക് വരുന്ന ബസുകൾ, സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ, കാറുകൾ, മറ്റു ചെറിയ വാഹനങ്ങൾ എന്നിവ ഇതേ റോഡിൽ ആളെ ഇറക്കി റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്യണം.
‘നവകേരള സദസ്സിന് വേളം ഗ്രാമപഞ്ചായത്ത് പണം നൽകില്ല’; എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി
വേളം: മുഖ്യമന്ത്രി നേതൃത്വം നൽകുന്ന നവകേരള സദസ്സിന്റെ ചെലവിലേക്കായി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് പണം നൽകേണ്ടതില്ലെന്ന് ഭരണസമിതി യോഗം തീരുമാനിച്ചു. നിത്യനിദാന ചെലവുകൾക്കുപോലും പണമില്ലാതെ ബുദ്ധിമുട്ടുമ്പോൾ ഇത്തരം അനാവശ്യ പരിപാടികൾക്ക് പണം നൽകാനാകില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പറഞ്ഞു.
പരിമിതമായ വരുമാനം മാത്രമുള്ള വേളം പഞ്ചായത്തിന് താങ്ങാനാകാത്തതാണ് സർക്കാർ നിർദേശമെന്നും അറിയിച്ചു. എൽ.ഡി.എഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് തീരുമാനം എടുത്തത്.
അതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ പരാമർശം നടത്തി എന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുമ മലയിൽ, മെംബർമാരായ പി.എം. കുമാരൻ, ബീന കോട്ടേമ്മൽ, അഞ്ജന സത്യൻ, ഷൈനി കെ.കെ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.