പരിശോധനയില്ല; പഴകിയ മത്സ്യം വിൽപന തകൃതി
text_fieldsനാദാപുരം: തൂണേരി ആവോലത്ത് ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ മിന്നൽപരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു.
ഹോട്ടലിലേക്കടക്കം മത്സ്യം എത്തിക്കുന്ന സമീപത്തെ മത്സ്യവിൽപന കേന്ദ്രത്തിൽനിന്ന് പഴകിയതും വിൽപന യോഗ്യമല്ലാത്തതുമായ ചെമ്മീൻ, മറ്റ് മത്സ്യങ്ങൾ എന്നിവയും പിടിച്ചെടുത്തു.
മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുസ്സലാം അറിയിച്ചു.
പഴക്കം നിർണയിക്കാൻ സംവിധാനമില്ലാതായതോടെ മത്സ്യ മാർക്കറ്റിൽനിന്ന് ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത മത്സ്യമാണെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. കല്ലാച്ചി, നാദാപുരം മാർക്കറ്റുകളിലാണ് തീവില നൽകേണ്ടിവരുമ്പോഴും പഴകിയ മത്സ്യം വാങ്ങേണ്ടിവരുന്നത്.
ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ വിൽപന ശാലയോട് ചേർന്ന ഫ്രീസറുകളിൽ സൂക്ഷിച്ച് വിൽപന നടത്തുകയാണ്. വിൽപനശാലയുടെ ശുചിത്വം, മത്സ്യങ്ങളുടെ ഗുണനിലവാരം എന്നിവ ആരോഗ്യവകുപ്പോ മറ്റുള്ളവരോ പരിശോധിക്കാറില്ല. ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന മത്സ്യവിൽപന കേന്ദ്രങ്ങളുടെ ഏജൻറുമാർക്കും ഇവിടെനിന്ന് തന്നെയാണ് മത്സ്യങ്ങൾ എത്തിക്കുന്നത്.
മത്സ്യം കേടുവരാതിരിക്കാൻ ഫോർമാലിൻ അടക്കമുള്ള കീടനാശിനികൾ പ്രയോഗിക്കുന്നതായും പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.