ഓൺലൈൻ ട്രേഡിങ് കമ്പനി തട്ടിയെടുത്തത് കോടികൾ
text_fieldsനാദാപുരം: വൻ ലാഭവിഹിതം വാഗ്ദാനം നൽകി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്ത് മുങ്ങിയ എം.ടി.എഫ്.ഇ ഓൺലൈൻ ഇടപാട് കമ്പനി നാദാപുരം മേഖലയിൽനിന്ന് പിരിച്ചെടുത്തത് ലക്ഷങ്ങൾ. കൈയിൽ സ്വരുക്കൂട്ടിവെച്ചതും വായ്പ വാങ്ങിച്ചതുമായ പണം രണ്ടുമാസം കൊണ്ട് ഇരട്ടിയായി കിട്ടുമെന്ന കമ്പനി പ്രതിനിധികളുടെ വാഗ്ദാനങ്ങളിൽ വ്യാമോഹിച്ച് നിക്ഷേപം നടത്തിയവർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. നാദാപുരം മേഖലയിൽ മാത്രം രണ്ടുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. കാനഡ ആസ്ഥാനമായുള്ള ഓൺലൈൻ വ്യാപാര സേവന ദാതാവെന്ന് അവകാശപ്പെടുന്ന മെറ്റാ വേഴ്സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രൂപ്പിൽ (എം.ടി.എഫ്.ഇ) നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്.
വളയം,വാണിമേൽ, നാദാപുരം, ചെക്യാട്, തൂണേരി പ്രദേശത്തെ വ്യാപാരികളും ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും പ്രവാസികളും വീട്ടമ്മമാരും സാധാരണക്കാരായ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ 200ലധികം പേർക്കാണ് പണം നഷ്ടപ്പെട്ടതായി പറയപ്പെടുന്നത്. അപമാനഭാരം കാരണം നിക്ഷേപകർ പുറത്തുപറയാൻ മടിക്കുകയാണ്. കഴിഞ്ഞ വർഷം മുതലാണ് 26 ഡോളർ മുതൽ 50,001 ഡോളർ വരെ നിക്ഷേപിക്കാൻ കഴിയും വിധം എം.ടി.എഫ്.ഇയുടെ പ്രവർത്തനം തുടങ്ങിയത്.
ഓൺ ലൈൻ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിക്കുമ്പോൾ തുടക്കത്തിൽ ലാഭവിഹിതമായി ഇരട്ടിത്തുക ഡോളറായി അക്കൗണ്ടിൽ ലഭിക്കുന്നതായിരുന്നു പദ്ധതി. ഇങ്ങനെ ലഭിക്കുന്ന തുകയുടെ 60 ശതമാനം കമ്പനിക്കും 40 ശതമാനം ഉപഭോക്താവിനും ലഭിക്കുമെന്ന് പറഞ്ഞാണ് ആളുകളെ ചേർത്തിരുന്നത്. ഇതിനായി വാട്സ്ആപ് ഗ്രൂപ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ ചേർന്നവർക്കെല്ലാം നല്ല രീതിയിൽ ലാഭവിഹിതം ലഭിച്ചതോടെയാണ് കൂടുതലാളുകൾ പണം നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.