പി. ശാദുലി: രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഉജ്ജ്വല സാന്നിധ്യം
text_fieldsനാദാപുരം: രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി. ശാദുലി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്ത് വന്ന ശാദുലി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ എം.എസ്.എഫ് രൂപവത്കരിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ദീർഘകാലം മുസ്ലിംലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ആയിരുന്നു. ഏറെക്കാലം ലീഗ് വേദികളിലെ ഉജ്ജ്വല പ്രഭാഷകനായിരുന്നു.
നാദാപുരം മേഖല കലാപകലുഷിതമായ കാലത്ത് ഗ്രാമപഞ്ചായത്തിന്റെ സാരഥ്യം വഹിച്ചിരുന്ന ശാദുലി പ്രദേശത്ത് സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇതര രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചേർന്ന് ഏറെ പ്രയത്നിച്ചിരുന്നു. 1950 ജൂൺ നാലിന് നാദാപുരത്ത് ജനിച്ച ശാദുലി നാദാപുരം ഗവ. യു.പി സ്കൂൾ, പുറമേരി ഹൈസ്കൂൾ, മടപ്പള്ളി കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠനം നടത്തി. എഴുത്തുകാരനായ അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആത്മാവിന്റെ ഉള്ളറകളിലൂടെ ആത്മീയ സഞ്ചാരം, അണയാത്ത ദീപങ്ങൾ, ഇരുലോക വിജയം ഉള്ളറിവിലൂടെ, സ്റ്റീഫൻ ഹോക്കിങ് -പ്രളയം- രതിരവം, ഓർമ്മക്കുറിപ്പുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാദാപുരം ടി.ഐ.എം, എം.വൈ.എം യതീംഖാന, എം.ഇ.ടി കോളജ്, എൻ.ഐ മദ്റസ കുമ്മങ്കോട്, എസ്.എസ് മദ്റസ ഈസ്റ്റ് കുമ്മങ്കോട് എന്നിവയുടെ സ്ഥാപക ഭരവാഹിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.