സഞ്ചാരികൾക്ക് മികച്ച കാഴ്ചാനുഭവങ്ങളുമായി കമ്മായിമല
text_fieldsനാദാപുരം: വിനോദ സഞ്ചാരികളെ മാടിവിളിച്ച് കമ്മായിമല. നരിപ്പറ്റ പഞ്ചായത്തിലെ മലയോരപ്രദേശമായ കമ്മായിമല ഒട്ടനവധി വെള്ളച്ചാട്ടങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളാലും സമ്പുഷ്ടമാണ്. വൻമരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ കാടിനു നടുവിലൂടെ കുത്തിയൊലിച്ച് നുരപതയുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ ആകർഷണീയ കാഴ്ച.
കുമ്പളച്ചോല ടൗണില്‍നിന്ന് കുത്തനെയുള്ള കയറ്റം കയറിവേണം കമ്മായിമലയിലെത്താന്. വയനാടന്‍ മലനിരകളില്‍നിന്ന് ഉത്ഭവിക്കുന്ന കമ്മായിതോട് മികച്ച കാഴ്ചാനുഭവമാണ് നൽകുക. കുത്തനെയുള്ള ഒഴുക്കിനിടയില്‍ അഞ്ചോളം വെള്ളച്ചാട്ടങ്ങള്‍ കമ്മായിതോട്ടിലുണ്ട്. നല്ല ചൂട് സമയത്ത് പോലും ഇവിടെ സുഖകരമായ കാലാവസ്ഥയാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനുള്ള ഭൂപ്രകൃതിയും സൗകര്യവും ഇവിടെയുണ്ട്. മലകളും വെള്ളച്ചാട്ടങ്ങളുമുള്ള കമ്മായി മലയില്‍ ടൂറിസം, ട്രക്കിങ് സാധ്യതകളും വൈദ്യുതി ഉൽപാദനവും പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
എട്ടു മാസത്തോളം ജലസമൃദ്ധി നൽകുന്ന പുഴയിൽനിന്ന് വൈദ്യുതിയും ഉൽപാദിപ്പിക്കാന് കഴിയും. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരത്തിലുള്ള പ്രദേശങ്ങള്‍ കമ്മായിമലയില്‍ കാണാം. കുമ്പളച്ചോലയിൽനിന്ന് മാവുള്ളചോലവരെ കൂപ്പ് റോഡ് നിലവിലുണ്ട്.
പിന്നീട് കാൽനടയാണ് ആശ്രയം. റോഡ് സൗകര്യങ്ങളില്ല എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാതിരിക്കാനുള്ള പ്രധാനകാരണം.
മുപ്പതോളം കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ ഇപ്പോള്‍ അഞ്ചോ ആറോ കുടുംബങ്ങളേ താമസക്കാരായുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.