നാദാപുരത്ത് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
text_fieldsനാദാപുരം: വിദ്യാർഥികൾക്ക് കൺസഷൻ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കലാശിച്ചു. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ സർവിസ് നടത്തുന്ന ബസ് ജീവനക്കാരാണ് പണിമുടക്ക് നടത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ വാഹനം കിട്ടാതെ വലഞ്ഞു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
ആവോലത്തുനിന്ന് രാവിലെ സ്വകാര്യ ട്യൂഷന് പോകുന്ന വിദ്യാർഥികൾക്ക് പാസ് അനുവദിക്കാൻ സ്വകാര്യ ജീവനക്കാർ തയാറായില്ലെന്ന് ആരോപിച്ച് നാട്ടുകാർ തലശ്ശേരിയിൽനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ആരാധന ബസ് തടയുകയായിരുന്നു. തുടർന്ന്, പിന്നാലെത്തിയ മറ്റ് ബസുകളെല്ലാം ഓട്ടം നിർത്തി പ്രതിഷേധിക്കുകയായിരുന്നു. സമരം ആരംഭിച്ചതോടെ തലശ്ശേരി റൂട്ടിലൂടെയുള്ള യാത്ര ഏറെ വലഞ്ഞു. വൈകീട്ട് സ്കൂൾ വിട്ടതോടെ നാദാപുരം, കല്ലാച്ചി ഭാഗങ്ങളിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വലഞ്ഞു. നാദാപുരം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ടാക്സി ജീപ്പുകളാണ് ഇവർക്ക് ആശ്രയമായത്.
അനുരഞ്ജന നീക്കങ്ങൾ വിഫലം
നാദാപുരം: ബസ് തൊഴിലാളികൾ പ്രഖ്യാപിച്ച സമരത്തിനിടെ ചർച്ചക്കായി നാദാപുരം സ്റ്റേഷനിലെത്തിയ ബസ് ഉടമ ഭാരവാഹികളെ സി.ഐ എം.കെ. ദിനേശ് അവഹേളിച്ച് ഇറക്കിവിട്ടതായി ബസുടമ പ്രതിനിധികൾ ആരോപിച്ചു. പ്രശ്നം ചർച്ച ചെയ്യാൻപോലും കൂട്ടാക്കാതെ സി.ഐ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി ഇറക്കിവിട്ടുവെന്നാണ് ഇവരുടെ പരാതി. തലശ്ശേരി, വടകര താലൂക്ക് ബസ് ഓപറേറ്റിവ് ഭാരവാഹികളാണ് ചർച്ചക്കായി എത്തിയിരുന്നത്. പാസുമായി യാത്ര ചെയ്യുന്ന വിദ്യാർഥികൾ ദുരുപയോഗം ചെയ്യുന്നത് തിരക്കേറിയ റൂട്ടിൽ വൻ ബാധ്യത വരുത്തുന്നുവെന്നും ഒരു പോയന്റിൽനിന്ന് മറ്റൊരു കേന്ദ്രത്തിലേക്കുള്ള യാത്ര സൗജന്യമാണ് അനുവദിച്ചിരിക്കുന്നതെന്നും ഇതു വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ബസുടമകൾ പറയുന്നു.
ഇന്ന് വടകര-തൊട്ടിൽപാലം റൂട്ടിലും സമരം
നാദാപുരം: നാദാപുരം സ്റ്റേഷനിൽ നടന്ന അനുരഞ്ജന നീക്കം പരാജയപ്പെട്ടതോടെ വടകര -തൊട്ടിൽപ്പാലം, നാദാപുരം -പാനൂർ റൂട്ടിലും ഇന്നു മുതൽ അനിശ്ചിതകാല സമരം നടത്താനാണ് സംയുക്ത തൊഴിലാളികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.