ഉരുൾപൊട്ടൽ ദുരന്തത്തിനിടയിലും കമ്പിളിപ്പാറയിൽ ഖനന നീക്കം
text_fieldsനാദാപുരം: വിലങ്ങാട് ഭീതി വിതച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്ന് നാട്ടുകാർ മുക്തരാകുന്നതിനുമുമ്പ് തൊട്ടടുത്ത് ഖനന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
കമ്പിളിപ്പാറയിലാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയത്.
ക്വാറി പരിസരത്തെ റോഡുകൾ പുനർനിർമിക്കുന്ന പ്രവർത്തനമാണ് ആരംഭിച്ചത്. ഇതിനായി ചെറുയന്ത്രങ്ങൾ എത്തിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരന്ത മേഖലയായി പ്രഖ്യാപിച്ച ഒമ്പത്, പത്ത് വാർഡുകളുമായി അതിർത്തി പങ്കിടുന്ന പതിനൊന്നാം വാർഡിൽ മലയങ്ങാട് മലയോരത്താണ് കമ്പിളിപ്പാറ ക്വാറിയുടെ സ്ഥാനം. ഉരുൾപൊട്ടലിൽ റോഡുകളും പാലങ്ങളും തകർന്ന് മലയങ്ങാട്, കമ്പിളിപ്പാറ നിവാസികൾ മൂന്നു ദിവസത്തോളം പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ടുപോയിരുന്നു.
മലയിലെ വെള്ളം ഒഴുകിയെത്തിയത് വാളാംതോട് പുഴയിലാണ്. മലവെള്ളപ്പാച്ചിലിൽ പുഴയോരത്തെ നിരവധി വീടുകൾ തകരുകയുണ്ടായി. പരിസ്ഥിതി ലോല മേഖലയായി സർക്കാർ തന്നെ പ്രഖ്യാപിച്ച സ്ഥലത്ത് ഖനന പ്രവർത്തനം പുനരാരംഭിക്കുന്ന സ്വകാര്യ കമ്പനിയുടെ നീക്കം നാട്ടുകാരെ ഏറെ ഭീതിപ്പെടുത്തുകയാണ്. മലമുകളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ വിവിധ ഭാഗങ്ങളിൽ മാറിത്താമസിക്കുകയാണിപ്പോൾ.
പഞ്ചായത്തും പൊലീസും ഖനന സംഘത്തിന് അനുകൂലമായാണ് നിലപാടെടുക്കുന്നതെന്നും അടുത്താഴ്ച നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം നടത്തുമെന്നും കർമസമിതി അംഗങ്ങൾ പറഞ്ഞു. നേരത്തേ സമരം നടത്തിയ നാട്ടുകാർക്കെതിരെ പൊലീസിന്റെ ബലപ്രയോഗം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.