ബസുകൾ തമ്മിൽ മത്സര ഓട്ടം, ഡ്രൈവർക്ക് മർദനം; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsനാദാപുരം: സ്വകാര്യബസുകൾ മത്സര ഓട്ടവും സമയക്രമത്തെ ചൊല്ലി തർക്കവും. കൈയാങ്കളിയിൽ ഡ്രൈവർക്ക് മർദനമേറ്റു. മത്സരയോട്ടത്തിനിടെ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്.
കുറ്റ്യാടി - നാദാപുരം റൂട്ടിൽ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സ്വകാര്യ ബസുകൾ തമ്മിൽ മത്സര ഓട്ടവും അടിപിടിയും ഉണ്ടായത്.
കല്ലാച്ചി സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടയിൽ പിന്നിൽ വന്ന തലശ്ശേരി ബസ്, സ്റ്റോപ്പിൽ നിർത്തിയ ബസിന്റെ ഇടതുഭാഗത്തുകൂടെ ഓടിച്ച് കയറ്റുകയായിരുന്നു. ഇതിനിടെ നിർത്തിയിട്ട ബസിൽനിന്ന് ഇറങ്ങുകയായിരുന്ന സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വടകര - കുറ്റ്യാടി റൂട്ടിലോടുന്ന കിഴക്കയിൽ ബസും തലശ്ശേരി - തൊട്ടിൽപാലം റൂട്ടിൽ സർവിസ് നടത്തുന്ന ദേവിക ബസും തമ്മിലാണ് മത്സര ഓട്ടവും ജീവനക്കാർ തമ്മിൽ ബസ് സ്റ്റാൻഡിൽ കൈയാങ്കളിയും നടന്നത്.
കുറ്റ്യാടി സ്റ്റാൻഡ് മുതൽ നാദാപുരം ബസ് സ്റ്റാൻഡ് വരെ ഇരു ബസുകളും റോഡിലൂടെ യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി മത്സരിച്ചോടുകയായിരുന്നു. സ്റ്റാൻഡിലെത്തിയ ഉടൻ തലശ്ശേരി ബസിലെ ഡ്രൈവർ വടകര - കുറ്റ്യാടി റൂട്ടിലോടുന്ന ബസ് ഡ്രൈവറെ യാത്രക്കാരുടെ മുന്നിൽ വെച്ച് അസഭ്യംപറയുകയും മർദിക്കുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു.
തർക്കത്തെ തുടർന്ന് ഇരു ബസുകളിലെയും സ്ത്രീകളടക്കമുള്ള യാത്രക്കാർ പെരുവഴിയിലായി. വടകര-തൊട്ടിൽപാലം, തലശ്ശേരി-തൊട്ടിൽപാലം റൂട്ടുകളിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസുകളുടെ മത്സര ഓട്ടം പതിവാണെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു. ബസ് ചാർജ് വർധിപ്പിച്ചതോടെ സ്റ്റോപ്പുകൾ പിടിക്കാനായി കുതിച്ചോടുകയാണെന്നും അധികൃതരുടെ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.