മഴയെത്തി: ശുചീകരണം ആരംഭിച്ചില്ല; പകർച്ചവ്യാധി ഭീഷണി
text_fieldsനാദാപുരം: ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും നിയന്ത്രിക്കാൻ താഴെത്തട്ടു മുതൽ ആരംഭിക്കുന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. പകർച്ചവ്യാധിയും കൊതുക്ജന്യ രോഗങ്ങളും നാട്ടിൽ വ്യാപിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ മേഖല. സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാർഡുകളിലും മഴക്കാല പൂർവ ശുചീകരണത്തിന് പതിനഞ്ചായിരത്തിലധികം രൂപയാണ് അനുവദിക്കുന്നത്. കൊതുക് വളരാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്തി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം വെള്ളക്കെട്ട് ഒഴിവാക്കൽ, ക്ലോറിനേഷൻ തുടങ്ങിയ പ്രവർത്തനങ്ങളും മഴക്കാലത്തിന് മുമ്പാണ് ചെയ്തു തീർക്കേണ്ടത്.
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെട്ട ശുചിത്വ സമിതിക്കാണ് ഓരോ വാർഡിലും ഇതിനുള്ള ചുമതല. എന്നാൽ, മിക്ക പഞ്ചായത്തിലും ഇതു നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പല പഞ്ചായത്തുകളിലും കമ്യൂണിറ്റി ഹെൽത്ത് സെന്റർ നിലവിൽ ഇല്ലാത്തതിനാൽ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള സംവിധാനമില്ല. ടൗണുകളിലാണ് ശുചീകരണം നടക്കാത്തതിനാൽ ഏറെ പ്രയാസം നേരിടുന്നത്. ഓടകൾ തുറന്നു വൃത്തിയാക്കേണ്ടതും കൊതുക് നിർമാർജനം ഊർജിതമാക്കേണ്ടതും ശുചിത്വ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും മേൽനോട്ടത്തിലാണ്.
എന്നാൽ, ഏപ്രിൽ, മേയ് മാസങ്ങളാണ് ശുചീകരണത്തിനായി തെരഞ്ഞെടുക്കുന്നത്. ഈ സമയത്ത് കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം പ്രവർത്തനങ്ങളെ കടലാസിൽ ഒതുക്കുകയാണ് പതിവ്. ടൗണിലെ ഓടകൾ യഥാസമയം വൃത്തിയാക്കാത്തത് കൊതുക് ശല്യത്തിനൊപ്പം ടൗണുകളിൽ വെള്ളക്കെട്ടിനിടയാക്കുകയും വ്യാപാരികൾക്കടക്കം വൻ നാശനഷ്ടം വരുത്തിവെക്കുകയും ചെയ്യുന്നു. ഈ വർഷം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾപോലും ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.