മരിച്ച യുവതിക്ക് ചികിത്സ നിഷേധിച്ച് വീട്ടിൽ പൂട്ടിയിട്ടതായി ബന്ധുക്കൾ
text_fieldsനാദാപുരം: ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ത്വരീഖത്ത് പ്രസ്ഥാനത്തിെൻറ വിശ്വാസങ്ങൾ നിലനിർത്താൻ യുവതിയെ വീട്ടിൽ പൂട്ടിയിട്ട് ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ. കഴിഞ്ഞ ദിവസം മരിച്ച കല്ലാച്ചി ചട്ടിൻറവിട ജമാലിെൻറ ഭാര്യ നൂർ ജഹാെൻറ (45) മരണത്തിലാണ് ഭർത്താവ് ജമാലിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തുവന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് നൂർജഹാന് ത്വക് സംബന്ധമായ അസുഖം പിടിപെടുന്നത്. എന്നാൽ, മതിയായ ചികിത്സ നൽകാതെ യുവതിക്ക് ത്വരീഖത്ത് കേന്ദ്രത്തിൽനിന്ന് നിർദേശിച്ച കർമങ്ങൾ ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഇവർ താമസിക്കുന്ന വീട്ടിൽ എത്തിയ മാതാവ് വാഴയിലയിൽ നഗ്നയായി കിടത്തി ശരീരമാസകലം പൊട്ടിയൊലിച്ച് മുറിയിൽ അടച്ചിട്ടിരിക്കുന്ന മകളെയാണ് കണ്ടത്.
മാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിൽ എത്തിയ ബന്ധുക്കൾ യുവതിയെ ബലമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും രോഗം മാറിയതിന് ശേഷം ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. ചികിത്സക്കിടെ 35,000 രൂപ യുടെ ഇഞ്ചക്ഷൻ നൽകുകയുണ്ടായി. ആറു മാസത്തിന് ശേഷം മറ്റൊരു കുത്തിവെപ്പ് കൂടി നൽകാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
എന്നാൽ, ജമാൽ ഇതിന് തയാറായില്ലെന്നു മാത്രമല്ല, താമസ സ്ഥലംപോലും വ്യക്തമാക്കാതെ മന്ത്രവാദ ചികിത്സ തുടരുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച നൂർജഹാനുമായി ജമാൽ ആലുവയിലെ തഖ്ദീസ് ധ്യാനകേന്ദ്രത്തിലേക്ക് പുറപ്പെടുന്നത്. ഇവിടെനിന്ന് ചൊവ്വാഴ്ച രാവിലെ യുവതി മരിച്ചതായി ഇവരുടെ മാതാവിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. ഇതേതുടർന്ന് യുവതിയുടെ ബന്ധുക്കൾ വളയം പൊലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹവുമായി കല്ലാച്ചിയിൽ എത്തിയ ആംബുലൻസ് പൊലീസ് തടഞ്ഞ് വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച ഇവിടെനിന്ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് സർജെൻറ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി. വൈകീട്ട് എട്ടിന് നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കും. പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.