കാട്ടാനശല്യത്തിൽ കർഷക രോഷം
text_fieldsനാദാപുരം: വിലങ്ങാട് മലയോരത്തെ പന്നിയേരി, കുറ്റല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതിൽ കർഷക പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലാണ് മലയോരത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടായത്.
പന്നിയേരിയിലെ രാജേഷ് എനിയാടൻ, ചന്ദ്രൻ മുക്കാട്ട്, ഉഷ തെനിയാടൻ, പ്രദീഷ് കൂത്തുപറമ്പ്, സജി പാലുമ്മൽ, ബിജു, ബിനു പുന്നത്താനത്ത്, കുറ്റല്ലൂരിലെ ചന്തു പറക്കാടൻ, കെ.കെ. കുങ്കൻ, രഞ്ജിത്ത് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് വലിയ നഷ്ടമുണ്ടായത്. നിലവിൽ സോളാർ ഫെൻസിങ്ങുള്ള സ്ഥലങ്ങളിലാണ് ആനക്കൂട്ടമിറങ്ങിയത്. സോളാർ വേലി പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. ഇത് പ്രവർത്തനസജ്ജമാക്കാത്ത വനം വകുപ്പുദ്യോഗസ്ഥരുടെ നടപടിയിൽ വ്യാപക പ്രതിഷേധമുയരുകയാണ്. വന്യമൃഗശല്യം തുടർക്കഥയാവുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണെന്ന് കർഷകസംഘം വിലങ്ങാട് മേഖല കമ്മിറ്റി ആരോപിച്ചു.
കുറച്ചുമാസംമുമ്പ് തൊട്ടടുത്ത പാലൂർ പ്രദേശത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടായപ്പോൾ കർഷകസംഘം പ്രതിഷേധമുയർത്തിയിരുന്നു.
തുടർന്ന് റേഞ്ച് ഓഫിസറുമായി നടത്തിയ ചർച്ചയെ തുടർന്ന് പാലൂർ പ്രദേശത്ത് പുതിയ വേലി സ്ഥാപിക്കാനും പന്നിയേരി, കുറ്റല്ലൂർ മേഖലയിൽ നിലവിലുള്ള വേലിയുടെ തകരാർ പരിഹരിക്കാനും ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതാണ്.
എന്നാൽ, എസ്റ്റിമേറ്റ് തയാറാക്കി മേൽനടപടിക്കായി അയച്ചു എന്നല്ലാതെ പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
വിലത്തകർച്ചമൂലം നട്ടം തിരിയുന്ന മലയോര കർഷകർ വന്യമൃഗശല്യം കൂടിയതോടെ കൃഷിയിടം ഉപേക്ഷിച്ച് പോവുകയാണ്.
കാട്ടാനശല്യം തടയാൻ സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ വനം വകുപ്പിനെതിരെ കർഷകരുടെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കർഷകസംഘം വിലങ്ങാട് മേഖല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കൃഷിനാശമുണ്ടായ സ്ഥലങ്ങൾ കർഷകസംഘം നേതാക്കളായ കെ.പി. രാജീവൻ, കെ.ടി.ബാബു, സാബു മുട്ടത്ത് മുന്നേൽ, കെ.ജെ. ജോസ്, കേളപ്പൻ പന്നിയേരി, ബിജു പന്നിയേരി എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.