വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച 101 പേർ സി.പി.എമ്മിലേക്ക്
text_fieldsനാദാപുരം: എടച്ചേരി നോർത്തിൽ സി.പി.ഐ വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച 99 സി.പി.ഐ പ്രവർത്തകർക്കും ഒരു കോൺഗ്രസ്, എൽ.ജെ.ഡി പ്രവർത്തകനും സ്വീകരണം നൽകി. എടച്ചേരി മീശമുക്കിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനംചെയ്തു. രാജിവെച്ചവരെ ഹാരാർപ്പണം നടത്തി പതാക കൈമാറി സ്വീകരിച്ചു. 26 കുടുംബങ്ങളിൽനിന്നാണ് പ്രവർത്തകർ സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. മുൻ സി.പി.ഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി അംഗവും ഒമ്പത് പാർട്ടി മെംബർമാർ ഉൾെപ്പടെയുള്ളവരാണ് രാജിവെച്ചത്. ടി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.പി. ചാത്തു, ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.കെ. ലതിക, എ. മോഹൻദാസ്, കെ.കെ. ദിനേശൻ, കെ.പി. കുമാരൻ എന്നിവർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി ടി.വി. ഗോപാലൻ സ്വാഗതം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.ഐയിൽ ഉടലെടുത്ത ആഭ്യന്തരപ്രശ്നവും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പു മറികടന്ന് നാദാപുരം എം.എൽ.എയുടെ പേഴ്സനൽ സ്റ്റാഫ് നിയമനവുമാണ് പ്രവർത്തകരെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. സി.പി.എം നിലപാടിനെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.