ചേലക്കാട്- വില്യാപ്പള്ളി -വടകര ബദൽ റോഡ്; ഫണ്ടുണ്ടായിട്ടും നവീകരണം നടത്താനാകാതെ പ്രധാന പാത
text_fieldsനാദാപുരം: വികസനത്തിന് 81 കോടിയിലധികം രൂപ അനുവദിച്ചിട്ടും കുഴിയിൽ ചാടി നടുവൊടിയാൻ വിധിക്കപ്പെട്ട് റോഡിലെ സഞ്ചാരികൾ. ചേലക്കാട്- വില്യാപ്പള്ളി - വടകര ബദൽ റോഡിനാണ് ഈ ദുർഗതി. അഞ്ചു വർഷം മുമ്പ് 56 കോടി രൂപ പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കുകയും പിന്നീടത് 81 കോടിയിലേക്ക് മാറ്റുകയുമായിരുന്നു. കുറ്റ്യാടി ഭാഗത്തുനിന്ന് വളരെ എളുപ്പത്തിൽ വടകരയിൽ എത്താൻ യാത്രക്കാർ കാലങ്ങളായി ഉപയോഗിക്കുന്ന മേഖലയിലെ പുരാതന റോഡാണിത്. ചരിത്ര പ്രാധാന്യമുള്ള റോഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് വൻതുകക്കുള്ള ഫണ്ട് സർക്കാർ അനുവദിച്ചത്.
എന്നാൽ, പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചപ്പോഴേക്കും കർമസമിതിയുമായി രംഗത്തിറങ്ങിയ ചിലയാളുകൾ കോടതിയിൽ സമർപ്പിച്ച തടസ്സവാദങ്ങളെ തുടർന്ന് നിർമാണ പ്രവർത്തനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. സ്ഥലം നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. വ്യവഹാരങ്ങളിൽ കുടുങ്ങി നിർമാണവും സ്ഥലം ഏറ്റെടുക്കലും വൈകിയതോടെ റോഡിലെ യാത്ര അനുദിനം ദുഷ്കരമാവുകയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത റോഡിൽ മുഴുവൻ വൻ കുഴികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇതേതുടർന്ന് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അതി സാഹസികമായാണ് യാത്രചെയ്യുന്നത്. വൻ തുക അനുവദിച്ച റോഡിൽ അറ്റകുറ്റപ്പണികൾക്ക് സംവിധാനമില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.