നടുവൊടിയും; സഞ്ചരിക്കാനാവാതെ നാദാപുരത്തെ റോഡുകൾ
text_fieldsനാദാപുരം: പദ്ധതികളുടെ നടത്തിപ്പിൽ നടുവൊടിഞ്ഞ് നാദാപുരത്തെ റോഡുകൾ. ജൽജീവൻ പദ്ധതി നടപ്പാക്കാൻ റോഡുകൾ വ്യാപകമായി കുത്തിപ്പൊളിച്ചതോടെ നാട്ടുകാരുടെ യാത്രാദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ഗ്രാമീണ റോഡുകൾ മുഴുവൻ പദ്ധതിയുടെ പൈപ്പിടാനായി വെട്ടിപ്പൊളിച്ചിരിക്കുന്നു.
സംസ്ഥാനപാതയിൽ കല്ലാച്ചി മുതൽ നാദാപുരം വരെ യാത്രാദുരിതം തുടങ്ങിയിട്ട് ആറു മാസത്തോളമായി. 10 മീറ്റർ വീതിയുള്ള റോഡിൽ ഇരുവശവും വെട്ടിപ്പൊളിച്ചതിനാൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒന്നര കിലോമീറ്റർ സഞ്ചരിക്കാൻ അര മണിക്കൂറിലധികം റോഡിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. പാറക്കടവ്, ചെക്യാട്-വളയം റോഡ് നിർമാണം ആരംഭിച്ച് മൂന്നു വർഷത്തോളമായി.
നിർമാണം എങ്ങുമെത്താത്ത റോഡിലൂടെ നാട്ടുകാരുടെ യാത്രാദുരിതം തുടരുകയാണ്. വാണിമേൽ- വിലങ്ങാട് റോഡിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ വൻകുഴികൾ താണ്ടിയാണ് വാഹനയാത്ര. പേരിന് നടക്കുന്ന കുഴിയടപ്പ് സർക്കാറിന് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. തകർന്ന പാക്കോയ് പാലം നിർമാണം, വിലങ്ങാട് ഉരുട്ടിപ്പാലത്തിൽ അപ്രോച്ച് നിർമാണം എന്നിവയും പാതിവഴിയിലാണ്. ഇതോടൊപ്പം 83 കോടി രൂപ ഫണ്ടനുവദിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും കർമസമിതിയുടെ എതിർപ്പിനെ തുടർന്ന് പ്രവൃത്തി തുടങ്ങാൻ കഴിയാതെ അനിശ്ചിതത്വത്തിലായ ചേലക്കാട്, വില്യാപ്പള്ളി റോഡും കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.