അവശയായ യുവതിക്ക് തണലായി ഷമിയും വിന്നിയും
text_fieldsനാദാപുരം: കോവിഡ് പോസിറ്റിവായിരുന്ന കുടുംബത്തിലെ കിടപ്പിലായ യുവതിയെയും കോവിഡ് രോഗിയായ അമ്മയെയും ചികിത്സക്കെത്തിച്ച് യുവതികൾ. വടകര താലൂക്ക് ഹൗസിങ് സൊസൈറ്റിയുടെ ആക്ടിങ് സെക്രട്ടറിയായ ടി.കെ. ഷമിയും ഭർതൃസഹോദരെൻറ ഭാര്യയും കുന്നുമ്മൽ ബ്ലോക്ക് വനിതാ സൊസൈറ്റിയുടെ സെക്രട്ടറിയുമായ എ. വിന്നിയുമാണ് കോവിഡ് കാലത്ത് മാതൃകാസേവനം നടത്തിയത്.
കുന്നുമ്മൽ പഞ്ചായത്തിലെ 14ാം വാർഡിലാണ് സംഭവം. ആർ.ആർ.ടിയും വാർഡ് വികസനസമിതി കൺവീനറുമാണ് ഈ വീട്ടിലേക്ക് ഭക്ഷണം ഉൾെപ്പടെ എത്തിച്ചിരുന്നത്. എന്നാൽ, ജന്മനാ മാനസിക, ശാരീരിക വൈകല്യമുള്ള യുവതി അവശയായി വീട്ടിനുള്ളിൽ കിടപ്പിലുണ്ടെന്ന വിവരം ഇവരറിഞ്ഞിരുന്നില്ല.
48 മണിക്കൂറിലേറെയാണ് അവശയായ പെൺകുട്ടി പ്രാഥമിക കർമങ്ങൾക്കുപോലും എഴുന്നേൽക്കാൻ കഴിയാതെ ദുരിതത്തിലായത്. മകളുടെ ദയനീയസ്ഥിതി മറ്റൊരാളെ അറിയിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു രക്ഷിതാക്കൾ. മാതാപിതാക്കൾക്കൊപ്പം വീട്ടുവരാന്തയിൽ കാണാറുള്ള യുവതിയെ കാണാനില്ലെന്നത് ശ്രദ്ധയിൽപെട്ട യുവതികൾ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിനിടെയാണ് അവശനിലയിൽ ഇവരെ കണ്ടെത്തുന്നത്.
തുടർന്ന് ഇവർ പി.പി.ഇ കിറ്റ് ധരിച്ച് ആർ.ആർ.ടിമാരുടെ സഹായത്തോടെ അമ്മയെയും മകളെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ ഭാരവാഹികൾ കൂടിയാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.