ആഷിന്റെ നേട്ടത്തിന് അതിജീവനത്തിളക്കം
text_fieldsനാദാപുരം: തീവ്രശ്രവണ പരിമിതിയോട് പൊരുതി വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആഷിൻ എസ്. സുരേഷ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി. 85 ശതമാനം ശ്രവണവൈകല്യവുമായി പിറന്ന ആഷിൻ പ്രീപ്രൈമറി മുതൽ സാധാരണ കുട്ടികൾക്കൊപ്പമാണ് പഠിച്ചത്.
കോഴിക്കോട് കാവ് സ്റ്റോപ്പിലെ വെൽകെയർ ഇന്‍സ്റ്റിറ്റ്യൂട്ട്, പറയഞ്ചേരി ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. പതിനൊന്നാം വയസ്സിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്തു. ആംഗ്യഭാഷ ആശ്രയിക്കാതെ ഓർഡിനറി വെർബൽ ട്രെയിനിങ് സങ്കേതമാണ് ആശയവിനിമയ അവലംബം. കുമ്പളച്ചോല ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകനായ പിതാവ് എസ്. സുരേഷിന്റെയും ബി.എഡ് ബിരുദധാരിയായ മാതാവ് ഷീജയുടെയും പിന്തുണ ആഷിന് അതിജീവനക്കരുത്ത് പകർന്നു.
കൈറ്റ് വിക്ടേഴ്സിന്റെ ഡിജിറ്റൽ ക്ലാസുകൾ വലിയ അനുഗ്രഹമായി. കോവിഡ് കാലം മാസ്കുകൾ മൂലം അധ്യാപകരുടെ ചുണ്ടുകളുടെ ചലനങ്ങൾ മറഞ്ഞതിലൂടെയുണ്ടായ പ്രതിസന്ധി ഡിജിറ്റൽ ക്ലാസുകളിലൂടെയാണ് മറികടന്നത്. ജ്യേഷ്ഠസഹോദരൻ ആൽബിൻ എസ്. സുരേഷ് ഗവ. പോളിടെക്നിക്കിൽനിന്ന് ത്രിവത്സര സിവിൽ എൻജിനീയറിങ് പൂർത്തിയാക്കി. ആഷിനെയും ഇതേ കോഴ്സിൽ ചേർക്കാനാണ് ഉദ്ദേശ്യമെന്ന് പിതാവ് സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.