മലേഷ്യയിലെ സഹോദരങ്ങളെ തേടി സുശീല; ഇത്തവണ കണ്ടെത്താനാവുമെന്ന് പ്രതീക്ഷ
text_fieldsനാദാപുരം: പതിമൂന്നാമത്തെ വയസ്സില്‍ തന്റെ പിതാവിനൊപ്പം കപ്പല്‍ കയറി മലേഷ്യയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ട സുശീല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് തന്റെ കൂടപ്പിറപ്പുകളെ എന്നെന്നേക്കുമായി വിട്ടുപിരിയാനുള്ള അവസാന യാത്രയായിരിക്കുമെന്ന്. കക്കട്ടിലിനടുത്ത മുള്ളമ്പത്ത് അക്കരെപറമ്പത്ത് സുശീലയും കുടുംബവുമാണ് അമ്പതിലധികം വര്‍ഷമായി നഷ്ടമായ മലേഷ്യയിലെ തങ്ങളുടെ കുടുംബ വേരുകള്‍ തേടുന്നത്.
സുശീലയുടെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകര കണ്ണൂക്കരയില്നിന്ന് മലേഷ്യയിലെത്തിയതാണ്. കച്ചവടത്തിന് അവിടെയെത്തി തദ്ദേശീയ സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. നാല് മക്കളില്‍ ഏറ്റവും ഇളയവളാണ് സുശീല. ഏറ്റവും മൂത്തയാള്‍ ബാലന്. രണ്ടാമൻ ഗോവിന്ദനും അതിനിളയവള്‍ അമ്മാളുവുമെന്നാണ് സുശീല പറയുന്നത്.
തന്റെ ചെറുപ്പത്തിലേ അമ്മ മരണപ്പെട്ടുവെന്നും ഇപ്പോൾ 70 വയസ്സായ സുശീല പറയുന്നു. താന്‍ 13 വയസ്സുവരെ ജീവിച്ച മലേഷ്യയിലെ ജോഹര്‍ ബാരുവിലെ തെരുവും അച്ഛന്റെ കച്ചവട സ്ഥാപനവും അതിന് തൊട്ടുതന്നെയുള്ള വീടും കാറില്‍ സ്കൂളിലേക്ക് പോയതുമൊക്കെ സുശീലക്കിന്നും മായാത്ത ഓര്‍മകളാണ്. അമ്മയുടെ മരണശേഷം അച്ഛന് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചിരുന്നു. അവരോടൊപ്പം കണ്ണൂക്കരയിലാണ് ആദ്യം കഴിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുശീലയെ മുള്ളമ്പത്തേക്ക് വിവാഹം കഴിച്ചയക്കുകയായിരുന്നു. സുശീലക്ക് മൂന്ന് ആണ്‍മക്കളാണുള്ളത്. ഭര്‍ത്താവ് നേരെത്തെ മരിച്ചു. വടകരയിലെ അച്ഛന്റെ വീടുമായുള്ള ബന്ധം അവര്‍ ഇപ്പോഴും തുടരുന്നുണ്ട്.
ആദ്യകാലത്ത് മലേഷ്യയിലെ സഹോദരന്മാരും കത്തൊക്കെ അയക്കുമായിരുന്നു. ഇംഗ്ലീഷിലായതിനാല്‍ വായിക്കാനും മറുപടിയെഴുതാനും പലരുടെയും സഹായം തേടാറുണ്ടായിരുന്നതായി സുശീല ഓർക്കുന്നു. ''1988ല്‍ അച്ഛന് മരിച്ച വിവരം അറിയിച്ച് ഒരു കത്ത് വന്നതിന് ശേഷം ഇവരുമായി ഒരു ബന്ധവുമില്ലായിരുന്നു. 13 വയസ്സുവരെ കളിച്ചും ചിരിച്ചും ഒപ്പംനടന്ന കൂടപ്പിറപ്പുകളെ എന്നും സ്വപ്നങ്ങളില്‍ കാണാറുണ്ട്. സഹോദരങ്ങളെ കാണാൻ നടന്ന ശ്രമങ്ങളൊക്കെയും പരാജയമായിരുന്നു'' -സുശീല പറഞ്ഞു.
പലവട്ടം ബന്ധുക്കളെ വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് മൂത്തമകന് പവിത്രനും പറഞ്ഞു. തന്റെ കൂടപ്പിറപ്പുകളെയും അവരുടെ കുടുംബത്തെയും മരിക്കുന്നതിനുമുമ്പ് നേരില്‍ കാണാന്‍ ആരെങ്കിലും സഹായിക്കുമെന്നുതന്നെയാണ് സുശീലയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.