കൂരിരുട്ടിൽ ജീവനുവേണ്ടിയുള്ള നെട്ടോട്ടം; ടിന്റുവിന് പുനർജന്മത്തിന്റെ ഓർമ
text_fieldsനാദാപുരം: മലവെള്ളപ്പാച്ചിലിൽ മൊബൈൽ ഫോൺ വെട്ടത്തിൽ നെട്ടോട്ടമോടിയത് മൂന്നു വീടുകളിലേക്ക്-നടുക്കുന്ന ഓർമകളാണ് ടിന്റുവും കുടുംബവും പങ്കുവെക്കുന്നത്. വലിയപാനോത്തെ ചെറിയ പുഴക്കരയിലാണ് ആലോള്ളതിൽ ടിന്റുവും കുടുംബവും താമസിച്ചിരുന്നത്. രാത്രി ഉറങ്ങാനുള്ള ഒരുക്കത്തിനിടെയാണ് തിങ്കളാഴ്ച അർധരാത്രി 12.30 ഓടെ ആദ്യ ഉരുൾപൊട്ടൽ ശബ്ദം ഇവർ കേൾക്കുന്നത്. ഉടൻ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ച് അൽപം ഉയരത്തിലുള്ള അടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ ഇളയമകൻ വീടിന് പിൻവശത്തെ മൺതിട്ടയിൽ തട്ടി താഴെവീണു. നിലത്ത് വെച്ച ഗ്യാസ് കുറ്റിയിൽ ചവിട്ടി മകനെ മുകളിലേക്ക് വലിച്ചുകയറ്റുമ്പോഴേക്കും മഴവെള്ളം കുത്തിയൊലിച്ച് വീട്ടിനുള്ളിലേക്ക് കയറിയതായി ഇവർ ഓർക്കുന്നു.
അഭയം തേടിയ വീട്ടിൽ നിൽക്കുന്നതിനിടെ, ഘോരശബ്ദത്തോടെ രണ്ടാമത്തെ ഉരുൾപൊട്ടലും, മലവെള്ളപ്പാച്ചിലുമുണ്ടായി. ഇവിടെയും വെള്ളം ഇരച്ചെത്തിയതോടെ തൊട്ടടുത്ത കുന്നിൻ മുകളിലേക്ക് ഓടിക്കയറിയാണ് ഇവരെല്ലാം രക്ഷപ്പെട്ടത്. തുടർന്ന്, മറ്റൊരു വീട്ടിൽ അഭയം തേടുകയായിരുന്നു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഇവരെല്ലാം ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.