പൊലീസ് തന്ത്രം വിജയിച്ചു; വർഷങ്ങൾ നീണ്ട വഴിത്തർക്കത്തിന് പരിഹാരം
text_fieldsനാദാപുരം: വർഷങ്ങൾ നീണ്ട വഴിത്തർക്കത്തിന് പരിഹാരമായി. വീതി കൂട്ടി റോഡ് നിർമിക്കും. പൊലീസിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ ഇടപെടലിലൂടെയാണ് എടച്ചേരിയിൽ വർഷങ്ങളായി തുടരുന്ന വഴിത്തർക്കത്തിന് പരിഹാരമായത്. അയൽവാസികളായ രണ്ടു കുടുംബാംഗങ്ങൾ തമ്മിൽ വർഷങ്ങളായി തുടരുന്ന വഴിത്തർക്കം പരിഹരിച്ചതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാർ.
വഴി പ്രശ്നം കാരണം ഇരു കുടുംബാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും മഹല്ല് കമ്മിറ്റിയും ഇടപെട്ടിട്ടും തർക്കം പരിഹരിക്കാതെ നീണ്ടുപോയി. ഇതിനിടയിലാണ് ഒരു കുടുംബം സി.പി.എം സഹായം തേടിയത്. ഇതിന്റെ മറവിൽ ഒരു സംഘമാളുകൾ ചേർന്ന് കഴിഞ്ഞാഴ്ച രണ്ടാം കക്ഷിയുടെ മതിൽ അതിക്രമിച്ചു കയറി പൊളിച്ചുമാറ്റി. പ്രശ്നത്തിന്റെ പേരിൽ എടച്ചേരിയിൽ ചേരിതിരിഞ്ഞ് സി.പി.എം-എസ്.ഡി.പി.ഐ പ്രവർത്തകർ പോർവിളിയും പ്രകടനവും നടത്തിയിരുന്നു. ഇതോടെ വിവാദം കൂടുതൽ മൂർച്ഛിക്കുകയും പ്രശ്നം പൊലീസ് ഏറ്റെടുക്കുകയുമായിരുന്നു.
റൂറൽ എസ്.പി കറുപ്പസ്വാമിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ഹരീന്ദ്രനാഥ്, എടച്ചേരി സി.ഐ ജോഷി ജോസ്, എസ്.ഐ അഫീൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുകക്ഷികളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി നടത്തിയ മധ്യസ്ഥ ശ്രമത്തിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. മധ്യസ്ഥ തീരുമാനപ്രകാരം ഇരുഭാഗത്തുമുള്ള വീട്ടുകാരുടെ സ്ഥലത്ത് നിന്നും 20 സെ.മീ വീതം റോഡിനായി വിട്ടുകൊടുക്കും. വഴിത്തർക്കത്തിന്റെ പേരിൽ തകർക്കപ്പെട്ട മതിൽ യഥാവിധി പുനഃസ്ഥാപിച്ചു കൊടുക്കുകയും ചെയ്യും. ഈ വഴിയിലൂടെ തന്നെ തൊട്ടടുത്ത ക്ഷേത്രം വരെ പുതിയ മറ്റൊരു റോഡ് നിർമിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ റോഡിന്റെ നിർമാണ പ്രവൃത്തി എടച്ചേരി സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് മേൽനോട്ടത്തിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.