മഴ കുറഞ്ഞു; ചുഴലിക്കാറ്റിൽ നാശനഷ്ടം
text_fieldsനാദാപുരം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച ഉച്ചക്ക് കല്ലാച്ചി കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. വലിയപറമ്പത്ത് ദേവിയുടെ വീടിനാണ് നാശം സംഭവിച്ചത്. വീട്ടുപറമ്പിലെ വൻമരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. വീടിന്റെ പിറകുവശം പൂർണമായും നശിച്ചു. മുൻഭാഗത്ത് ഷീറ്റിട്ട ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്ത് കോടഞ്ചേരി ഹാരിസിന്റെ വീടിനു മുകളിൽ മരം വീണു. വീട്ടുപറമ്പിലെ രണ്ട് പ്ലാവ്, കവുങ്ങ് എന്നിവ കടപുഴകി.
കോടഞ്ചേരിത്താഴ അന്ത്രുവിന്റെ വീട്ടുമുറ്റത്ത് കാറ്റിന്റെ ശക്തിയിൽ തെങ്ങ് വീണു. വീട്ടുകാർ വീടും സമീപത്തെ തൊഴുത്തും അപകടത്തിൽപെടാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ്. തെങ്ങുള്ള പറമ്പത്ത് റഫീഖിന്റെ വീട്ടുപറമ്പിലെ തെങ്ങ്, കശുമാവ് എന്നിവ കാറ്റിൽ വീണു. കെ.ടി.കെ. രാഹുലിന്റെ വീട്ടുപറമ്പിലെ കവുങ്ങും മലയിൽ സജീന്റെ വീട്ടുപറമ്പിലെ വലിയ മുരിക്കും കടപുഴകി. ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരായ റഫീഖ് കോടഞ്ചേരി, കെ.ടി.കെ. രാഹുൽ, തറക്കണ്ടി ചന്ദ്രൻ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. നാദാപുരം കസ്തൂരിക്കുളത്ത് വെറ്റിലക്കാരന്റവിട ജമാലിന്റെ വീടിന് മുകളിൽ മാവ് വീണ് കേടുപാടുണ്ടായി.
ദുരിതബാധിത തുരുത്തുകൾ സന്ദർശിച്ച് പഞ്ചായത്ത് പ്രസിഡന്റ്
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളായ വാളാഞ്ഞി, എലത്തുരുത്തി, കോതുരുത്തി, അരതുരുത്തി തുടങ്ങിയ തുരുത്തുകളും വീടുകളും പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ യാത്രാമാർഗം തടസ്സപ്പെട്ട തുരുത്തുകളിലേക്ക് രണ്ട് കടത്തു തോണികൾ ഏർപ്പാടാക്കി. വെള്ളം കൂടുതൽ കയറുമ്പോൾ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിക്കാനുള്ള ഒരുക്കവും നടത്തിയിട്ടുണ്ട്.
നിത്യ തൊഴിൽ നഷ്ടപ്പെട്ട് ദുരിതം പേറുന്നവരും ഇതിലുണ്ടെന്ന് സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ദുരിതബാധിത പ്രദേശത്ത് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനും പഞ്ചായത്ത് മുൻകൈ എടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. അംഗങ്ങളായ കാട്ടിൽ മൊയ്തു, ലിസ പുനയങ്കോട്ട്, എ. സുരേന്ദ്രൻ, സെക്രട്ടറി കെ. സീതള, അസിസ്റ്റന്റ് സെക്രട്ടറി വി.കെ. രാജീവ് കുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കുറ്റ്യാടി പുഴയോരത്ത് വീണ്ടും മണ്ണിടിച്ചിൽ
കുറ്റ്യാടി: കുറ്റ്യാടി പുഴയോരത്ത് അടുക്കത്ത് മുറിച്ചോർ മണ്ണിൽ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. പുഴയോരം ഇടിയാതിരിക്കാനായി കഴിഞ്ഞ ദിവസം നാട്ടുകാരുടെയും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ തെങ്ങും മറ്റുമരങ്ങളും മുറിച്ചുമാറ്റിയ ഭാഗത്തെ തെങ്ങിന്റെ കുറ്റിയടക്കം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നിട്ടുണ്ട്. നിലവിൽ നാല് വീടുകൾ അതീവ തീരമിടിച്ചിൽ ഭീഷണിയിലാണുള്ളത്. മഴ ശക്തി കുറഞ്ഞതോടെ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
കശുവണ്ടി കോർപറേഷൻ മതിൽ വീണ്ടും തകർന്നു
വടകര: ദേശീയപാതയിൽ കശുവണ്ടി വികസന കോർപറേഷൻ പഴയ യാർഡിന്റെ ചുറ്റുമതിൽ വീണ്ടും തകർന്നു വീണു. കനത്ത മഴയിൽ രാത്രിയിൽ മതിൽ ഇടിഞ്ഞ് വഴിയിൽ വീഴുകയായിരുന്നു. കാൽനട യാത്രക്കാർ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഉയരമുള്ള മതിലിന്റെ 15 മീറ്ററോളം വരുന്ന ഭാഗമാണ് ഇടിഞ്ഞ് വീണത്. കഴിഞ്ഞ മാസം മതിലിന്റെ പടിഞ്ഞാറ് ഭാഗം മതിൽ തകർന്നുവീണിരുന്നു.
ചുറ്റുമതിൽ അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കശുവണ്ടി വികസന കോർപറേഷൻ എം.ഡിക്ക് വാർഡ് മെംബർ സാലിം പുനത്തിൽ നിവേദനം നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യാർഡിന്റെ ചുറ്റുമതിൽ പല ഭാഗങ്ങളിലും അപകട ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.