മയക്കുമരുന്ന് ലഹരിയിൽ കല്ലാച്ചിയിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്
text_fieldsനാദാപുരം: മയക്കുമരുന്ന് ഉപയോഗത്തിനിടെയുണ്ടായ വാക് തർക്കം കല്ലാച്ചിയിൽ കൂട്ടത്തല്ലിൽ കലാശിച്ചു. സംഘർഷത്തിൽ പതിനെട്ടുകാരന് പരിക്കേറ്റു. കല്ലാച്ചി വാണിയൂർ റോഡിൽ രാത്രി എട്ടോടെയാണ് ഒരുസംഘം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
വാണിയൂർ റോഡിൽ ആൾതാമസമില്ലാത്ത, കാടുമൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽനിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷ ദൃശ്യങ്ങൾ കാണാനിടയായത്.നാട്ടുകാർ എത്തിയതോടെ സംഘത്തിലെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മറ്റുള്ളവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഇടപാടാണെന്ന് വ്യക്തമായത്. നാദാപുരം, വളയം, കല്ലാച്ചി, കക്കംവെള്ളി, കുറ്റ്യാടി, നീലേച്ച്കുന്ന്, മൊകേരി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു സംഘത്തിലെ വിദ്യാർഥികൾ. ആൾപ്പാർപ്പില്ലാത്ത വീട്ടിൽ ലഹരി ഉപയോഗിക്കാൻ ഒരുമിച്ചുകൂടിയതായിരുന്നു ഇവരെല്ലാം. ഇതിനിടയിലുണ്ടായ വാക് തർക്കം കല്ലാച്ചി സ്വദേശിയെ മർദിക്കുന്നതിൽ കലാശിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇതേസമയം ബൈക്കുകളിൽ മറ്റു വിദ്യാർഥികൾ ഇവിടെ എത്തിയെങ്കിലും പൊലീസിനെയും നാട്ടുകാരെയും കണ്ട് മടങ്ങിപ്പോവുകയായിരുന്നു. സംഘർഷം നടക്കുന്നതറിഞ്ഞ് നാദാപുരം പൊലീസും സ്ഥലത്തെത്തി. നേരത്തെയും ഈ വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ച് അക്രമപ്രവർത്തനം നടത്തിയ സംഘത്തിൽപെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾ ഉൾപ്പെട്ടതിനാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി നിരവധി തവണ താക്കീത് നൽകി വിട്ടയച്ചവരാണെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ സംഘർഷത്തിൽ പരിക്കേറ്റ കല്ലാച്ചി സ്വദേശി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നാദാപുരം എസ്.എച്ച്.ഒ എം.എസ്. സാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.