സ്ഥിരസംവിധാനമില്ല; അംഗൻവാടി അടച്ചുപൂട്ടലിലേക്ക്
text_fieldsനാദാപുരം: മുപ്പതു വർഷത്തിലേറെയായി വാടകക്കെട്ടിടങ്ങൾ മാറി മാറി കയറിയിറങ്ങിയൊരു അംഗൻവാടി. മുസ്ലിം ലീഗിന് നിർണായക സ്വാധീനവും ലീഗ് അംഗങ്ങൾ മാത്രം പ്രതിനിധാനം ചെയ്യുന്ന നാദാപുരം 17 വാർഡിലെ 185ാം നമ്പർ അംഗൻവാടിയാണ് സ്ഥിരമായൊരിടമില്ലാതെ പ്രവർത്തനം നിർത്തേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്. ഒപ്പം പ്രവർത്തനമാരംഭിച്ച മറ്റ് അംഗൻവാടികളെല്ലാം ഹൈടെക് സംവിധാനത്തിലേക്കും കെട്ടിടത്തിലേക്കും മാറിയെങ്കിലും നമ്പർ 185 അംഗൻവാടി അടച്ചുപൂട്ടലിന്റെ വക്കിലാണ്. പ്രവർത്തിക്കാൻ താൽകാലിക അനുവാദം നൽകിയ വീട്ടുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടതോടെ ഡിസംബറോടെ ഇവിടെ പഠിക്കുന്ന പതിനഞ്ചോളം കുട്ടികളുടെ ഭാവി അനിശ്ചിതത്ത്വത്തിലായി.
30വർഷം മുമ്പ് നാരാണംകണ്ടി എന്ന പറമ്പിലെ താൽകാലിക ഷെഡിലാണ് അംഗൻവാടി ആരംഭിക്കുന്നത്. ശേഷം നിരവധി വീട്ടുപറമ്പുകളിൽ താൽകാലിക ഷെഡുകളിലായിരുന്നു പ്രവർത്തനം. ഇതിനിടെ താൽകാലിക ഷെഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷൻ നോട്ടീസ് നൽകിയതോടെ നുച്ചിക്കാട്ട് കണാരന്റെ സ്ഥലത്തുനിന്നും മാറേണ്ടിവന്നു. സ്ഥലം കിട്ടാതായതോടെ അംഗൻവാടി ടീച്ചറുടെ വീട്ടുമുറ്റം തന്നെ പഠനകേന്ദ്രമായി. താമസിയാതെ ഇവിടെ നിന്നും മാറി. വാർഡ് ലീഗ് സെക്രട്ടറിയുടെ പറമ്പിലെ ഷെഡിലേക്ക് പ്രവർത്തനം മാറ്റി. രണ്ടു വർഷം മുമ്പ് ഇവിടെനിന്നും ഒഴിഞ്ഞു. സ്ഥലം കിട്ടാതായതോടെ തൊട്ടടുത്ത 16ാം വാർഡിലെ സ്വകാര്യ വ്യക്തിയുടെ കാരുണ്യത്തിൽ വാടക വീട്ടിലായിരുന്നു ഇതുവരെയുള്ള പ്രവർത്തനം.
ഒടുവിൽ ഇവിടെനിന്നും ഒഴിയണമെന്ന ഉടമയുടെ അന്ത്യശാസനം വന്നതോടെ ഡിസംബർ അവസാനത്തോടെ അംഗൻവാടി അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. 2012ൽ അന്നത്തെ വാർഡ് മെംബർമാരായ സി.വി. സൈനബ നടത്തിയ ഇടപെടൽ മാത്രമാണ് അംഗൻവാടിക്ക് അനുകൂലമായ ഏക പ്രവർത്തനം. വാർഡിലെ പുറമ്പോക്കിൽ സർവേ നടപടി പൂർത്തിയാക്കി കെട്ടിട നിർമാണത്തിനുള്ള നടപടി ആരംഭിച്ചെങ്കിലും വാർഡിലെ ചില നേതാക്കൾ തുരങ്കം വെച്ചതിനാൽ പദ്ധതി നിർത്തിവെക്കേണ്ടി വന്നു.
ഇനിയും എത്രകാലം ഇങ്ങനെ അലയണം എന്ന ചോദ്യത്തിന് പഞ്ചായത്ത് ഭരണസമിതിക്കോ വാർഡിലെ ലീഗ് നേതാക്കൾക്കോ ഒരു ഉത്തരവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.