സഞ്ചാരികളുടെ മനംകവർന്ന് തിരികക്കയം വെള്ളച്ചാട്ടം
text_fieldsനാദാപുരം: സഞ്ചാരികളുടെ മനംകവർന്ന് പ്രകൃതിസൗന്ദര്യം തുളുമ്പുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം.
സഞ്ചാരികളുടെ അതി സാഹസികതയിൽ ഭയന്ന് നാട്ടുകാരും. വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടമാണ് നാട്ടുകാരെ ഭീതിപ്പെടുത്തുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് മനോഹര കാഴ്ചയുമായി തിരികക്കയം നിറഞ്ഞുനിൽക്കുക. ഈ സീസണിൽ ദിനംപ്രതി നിരവധിപേരാണ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിച്ചേരുന്നത്. 50 അടിയോളം മുകളിൽനിന്നു വെള്ളം ഊർന്നിറങ്ങി പാറക്കെട്ടിൽനിന്ന് ചിതറി തെറിക്കുന്നതാണ് പ്രധാന ആകർഷണം.
എന്നാൽ, വിദൂരങ്ങളിൽനിന്ന് എത്തുന്ന സഞ്ചാരികൾ ഇവിടത്തെ അപകടക്കുരുക്ക് അറിയാതെയാണ് പെരുമാറുന്നത്.
സഞ്ചാരികൾക്ക് മാർഗനിർദേശം നൽകാനോ നിരീക്ഷിക്കാനോ സ്ഥലത്ത് ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. വെള്ളച്ചാട്ടത്തിന് മുകളിൽ കയറി സെൽഫി എടുക്കാനും താഴേക്ക് ചാടാനുമുള്ള സഞ്ചാരികളുടെ സാഹസികത വഴുവഴുപ്പ് നിറഞ്ഞ പാറക്കെട്ടുകളുള്ള ഇവിടത്തെ സ്ഥിരംകാഴ്ചയാണ്.
പൊറുതിമുട്ടിയ നാട്ടുകാർ പാറക്കെട്ടിന് മുകളിലേക്ക് വിലക്ക് ഏർപ്പെടുത്തിയ ബോർഡ് വെച്ചിട്ടുണ്ട്. എന്നാൽ, ഇത് ആരും ഗൗനിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
നേരത്തേ രണ്ട് സഞ്ചാരികൾക്ക് പാറയുടെ മുകളിൽനിന്ന് വഴുതിവീണ് ജീവൻ നഷ്ടമായിരുന്നു. കൂടാതെ അപകടത്തിൽ പരിക്ക് പറ്റിയവരും നിരവധിയാണ്. അപകടം പതിയിരിക്കുന്ന സ്ഥലത്ത് അതിസാഹസിക പ്രകടനത്തിന് മുതിരുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്തും പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.