ഇന്ന് ലോക രക്തദാനദിനം: രക്തദാനം ജീവിത സപര്യയാക്കി മുഹമ്മദ്
text_fieldsനാദാപുരം: രക്തദാനം ജീവിതസപര്യയാക്കിയ യുവാവ് ലോക രക്തദാനദിനത്തിൽ മുപ്പതാമത്തെ രക്തദാനത്തിന് തയാറെടുക്കുന്നു. നാദാപുരം നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയായ മുഹമ്മദ് ചിയ്യൂരാണ് രക്തം നൽകി പൊതുപ്രവർത്തന രംഗത്ത് മാതൃകയാവുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, മലബാർ കാൻസർ സെന്റർ, എം.വി.ആർ കാൻസർ സെന്റർ, വടകര സഹകരണ ആശുപത്രി, ഇഖ്റ ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിൽ 29 തവണകളിലായി രക്തദാനം നടത്തിയത്. ഇതുകൂടാതെ നൂറുകണക്കിന് ആളുകൾക്ക് സുഹൃത്തുക്കളിൽനിന്നും മറ്റുമായി ആവശ്യക്കാർക്ക് രക്തം എത്തിച്ചുനൽകി. 18 വയസ്സ് പൂർത്തിയായ ഉടനെ ആരംഭിച്ചതാണ് മുഹമ്മദിന്റെ രക്തദാന സേവനം. യുവാക്കളിൽ രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് നിരവധി രക്തദാന ബോധവത്കരണ ക്ലാസുകളും നടത്തി.
സാന്ത്വന പരിപാലനരംഗത്ത് നാദാപുരം മേഖലയിലെ നിറസാന്നിധ്യമാണ് മുഹമ്മദ്. റോഡപകടങ്ങളോ മറ്റ് അപകടങ്ങളോ നടന്നാൽ രക്തബാങ്കിൽ ആവശ്യത്തിന് രക്തം ഇല്ലാതാവുന്ന അവസ്ഥ പലതവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും സന്നദ്ധ രക്തദാനത്തിന് യുവാക്കൾ തയാറാവണമെന്നും മുഹമ്മദ് ആവശ്യപ്പെടുന്നു. ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് ജില്ല എക്സിക്യൂട്ടിവ് മെംബറും വടകര താലൂക്ക് വൈസ് പ്രസിഡന്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.