ക്വാറി മാഫിയയുടെ വഞ്ചനക്കിരയായ ആദിവാസികൾ ദുരിതത്തിൽ
text_fieldsനാദാപുരം: ക്വാറി മാഫിയയുടെ വാഗ്ദാനം വിശ്വസിച്ച് ഏക്കർ കണക്കിന് കൃഷിഭൂമി വിട്ടുനൽകിയ വളയം പെരുന്നംനിലാവ്, കാടാറ മല വാസികൾ ദുരിതത്തിൽ. വളയത്തെ പെരുന്നം നിലാവ്, കാടാറ മലകളിൽ താമസിക്കുന്ന ഗോത്രവിഭാഗമടക്കമുള്ള നിരവധി പേരുടെ കൃഷിഭൂമിയാണ് പകരം ഭൂമി നൽകുമെന്ന വാഗ്ദാനം നൽകിയും വീട് െവച്ചുനൽകുമെന്നും വിശ്വസിപ്പിച്ചും ക്വാറിമാഫിയ കൈവശപ്പെടുത്തിയത്.
കൃഷിഭൂമിയിൽനിന്ന് കുടിയിറക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർ വാക്കുപാലിക്കാൻ തയാറായില്ല. ഇതോടെയാണ് തങ്ങൾ കബളിക്കപ്പെട്ടതായി ഗോത്രവർഗക്കാർ തിരിച്ചറിയുന്നത്.
പകരം നൽകിയ ഭൂമിക്ക് കൈവശരേഖകൾ കൈമാറിയിട്ടില്ല. ഇതേ തുടർന്ന് നാമമാത്രമായി പകരം ലഭിച്ച ഭൂമിയിൽ താൽക്കാലിക ഷെഡ് കെട്ടി വീടിനുള്ള കാത്തിരിപ്പ് തുടരുകയാണിവർ. താമസസ്ഥലത്തുനിന്ന് പുറത്താക്കപ്പെട്ടതോടെ ടാർപോളിൻ കൊണ്ട് മറച്ച ഷെഡിലാണ് താമസം. രണ്ടു വർഷം മുമ്പാണ് മലമുകളിൽ താമസിക്കുന്ന മാതു എന്ന ആദിവാസി വിധവയെയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെയും ഒന്നര ഏക്കർ വരുന്ന സ്ഥലം കൈവശപ്പെടുത്തി ഇവിടെനിന്ന് മലയടിവാരത്തേക്ക് മാറ്റിയത്.
മകന് വീടുവെക്കാനുള്ള സ്ഥലത്തിെൻറ രേഖകൾ നൽകിയെങ്കിലും മാതു ഇപ്പോഴും ഒരു സെൻറ് ഭൂമി പോലും ലഭിക്കാതെ മകെൻറ പണി പൂർത്തിയാകാത്ത വീടിന് സമീപം ഷെഡ് കെട്ടി കഴിയുകയാണ്. കാടാറ മലയിലെ പട്ടിക വർഗക്കാരനായ പി.പി. രഞ്ജിത്തും ഇവരുടെ ചതിക്ക് ഇരയായി. പകരം സ്ഥലം നൽകുമെന്നുപറഞ്ഞ് വീടും സ്ഥലവും ഏറ്റെടുത്ത് പൊളിച്ച് മാറ്റുകയായിരുന്നു. വാഗ്ദാനം നൽകിയ ഭൂമി കിട്ടാത്തതിനാൽ രഞ്ജിത്ത് ഇവിടെ തന്നെ കുടിൽകെട്ടി താമസിക്കുകയാണ്.
കണ്ണവം ഫോറസ്റ്റിനോട് ചേർന്ന മലമ്പ്രദേശത്ത് പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഭൂമിയുടെ നെഞ്ചുപിളർത്തി കരിങ്കല്ല് ഖനനം നടത്താൻ ക്വാറി മാഫിയ വാങ്ങിക്കൂട്ടിയത് നൂറുകണക്കിന് ഏക്കർ കൃഷിയിടങ്ങളാണ്. വളയം വള്ള്യാട് കാടാറ മലയിൽ ക്വാറിക്കാരുടെ സമ്മർദത്തിൽ പെട്ട് കിടപ്പാടം വിറ്റവരേറെയാണ്. വിട്ടുപോകില്ലെന്ന് ശഠിച്ചുനിൽക്കുന്ന നിരവധി പേർ ഇപ്പോഴും ഇവിടെയുണ്ട്. അവരെക്കൂടി കെട്ടുകെട്ടിക്കാനുള്ള ശ്രമങ്ങളിലാണ് ക്വാറി മാഫിയ. ചോർന്നൊലിക്കുന്ന ഷെഡുകളിൽ വന്യജീവികളുടെയും ഇഴജന്തുക്കളുടെയും ഇടയിലാണ് ഇവരുടെ ജീവിതം. ജീവൻ പണയം െവച്ചുകഴിയുന്ന പട്ടികവർഗക്കാരുടെ ജീവിതം പഠിക്കാനോ ഇവർക്ക് സുരക്ഷിതത്വം നൽകാനോ ആരും തിരിഞ്ഞുനോക്കുന്നില്ല.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് പരിസ്ഥിതിയെതന്നെ തകർക്കുന്ന വൻകിട ഖനന പ്രവർത്തനവുമായി മലമുകളിൽ എത്തിയിരിക്കുന്നത്. ഭൂമി തട്ടിയെടുത്തതായി കാണിച്ച് മാതു ബധനാഴ്ച ജില്ല കലക്ടർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.