വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന് തുടക്കം
text_fieldsനാദാപുരം: 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും.
വോട്ടർമാരെ സഹായിക്കാൻ ബൂത്ത് ലെവല്‍ ഓഫിസർമാർ വീടുകളിലെത്തും. ബി.എല്‍.ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവിസ് പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്, www.voters.eci.gov.in ഇവയിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾ www.ceokerala.gov.in വെബ്സൈറ്റിൽ ലഭിക്കും. വോട്ടുചേർക്കലുമായി ബന്ധപ്പെട്ട് വ്യത്യസ്ത അപേക്ഷ ഫോമുകൾ ലഭ്യമാണ്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം ആറ്, പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം ആറ് എ, ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഫോം ആറ് ബി, വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതിന് ഫോറം ഏഴ്, തെറ്റു തിരുത്തുന്നതിന്, മേൽവിലാസം മാറ്റുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന് ഫോറം എട്ട് എന്നിവ ഉപയോഗിക്കണം.
17 വയസ്സ് തികഞ്ഞവർക്കും ഇപ്പോൾ അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ്സ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹതയനുസരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉൾപ്പെടുത്തുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. സ്പെഷൽ സമ്മറി റിവിഷന്റെ ഭാഗമായ കരട് വോട്ടർ പട്ടിക 2023 ഒക്ടോബർ 17ന് പ്രസിദ്ധീകരിക്കും.
കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് നവംബർ 30വരെ സമയമുണ്ട്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർപട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അർഹതയുള്ള എല്ലാ ആളുകളെയും ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയാറാക്കാനാണ് ശ്രമം. ഇതിനായി ബി.എൽ.ഒമാർക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.