നാദാപുരത്തും തൂണേരിയിലും 'വാക്സിൻ പോര്'
text_fieldsനാദാപുരം: വാക്സിൻ വിതരണത്തെച്ചൊല്ലി നാദാപുരത്തും തൂണേരിയിലും പോര്. വ്യക്തിഹത്യക്കും ഭീഷണി സന്ദേശത്തിനുമെതിരെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നാദാപുരം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ സംഭവത്തിനു പിന്നിലെ ഒരു യുവജന സംഘടനയുടെ പ്രവർത്തകെൻറ പങ്ക് വ്യക്തമായിട്ടുണ്ട്.
പ്രവാസികൾക്കും പ്രത്യേക പരിഗണനക്കർഹരായവരുമായ ആളുകൾക്ക് തൂണേരി നാലാംവാർഡിൽ കഴിഞ്ഞ ആഴ്ച നടത്തിയ പ്രത്യേക ക്യാമ്പിനെതിരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഒരുകൂട്ടം ആളുകൾ പ്രദേശത്തെ സാമുദായികാന്തരീക്ഷം തകർക്കുന്ന തരത്തിൽ പ്രചാരണം അഴിച്ചുവിട്ടത്. ക്യാമ്പ് നടത്തിയ സ്ഥലത്തെയും ഇവർ വിവാദ ഇടമാക്കി മാറ്റുകയായിരുന്നു. ഇവർക്ക് പിന്തുണയുമായി ഒരു ഇടത് യുവജന സംഘടന കൂടി രംഗത്തെത്തിയത് സ്ഥിതി കൂടുതൽ വഷളാക്കി. വ്യക്തമായ ആസൂത്രണം സംഭവത്തിനുപിന്നിൽ ഉണ്ടെന്നാണ് യു.ഡി.എഫ് ഭരണസമിതിയുടെ വാദം.
ഇതോടെ പ്രസിഡൻറ് പി. ഷാഹിന വ്യക്തിഹത്യക്കും ഭീഷണിക്കും നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വിവാദ പരാമർശങ്ങൾക്ക് തുടക്കംകുറിച്ച വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോണിനെ ചുറ്റിപ്പറ്റി പരിശോധനകൾ നടക്കുകയാണ്.
ഇതോടൊപ്പം നാദാപുരത്ത് വാക്സിൻ വിതരണത്തിൽ മാനദണ്ഡം ലംഘിക്കുന്നതായി ആരോപിച്ച് ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നിരവധി പേർ കാത്തുനിൽക്കുമ്പോൾ അനർഹരായ ആളുകൾക്ക് വാക്സിൻ നൽകുന്നതായാണ് ഇവരുടെ പരാതി. വൈസ് പ്രസിഡൻറ് അഖില മര്യാട്ടിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. വി.അബ്ദുൽ ജലീൽ, എം.സി. സുബൈർ, സി.കെ. നാസർ എന്നിവരും പങ്കെടുത്തു.
എന്നാൽ, വാക്സിൻ ലഭ്യതയുടെ കുറവാണ് പ്രശ്നത്തിന് കാരണമെന്നും അർഹരായ ആളുകൾക്ക് ലിസ്റ്റ് പ്രകാരം ടോക്കൺ നൽകിയാണ് വിതരണം ക്രമീകരിക്കുന്നതെന്നും ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. പ്രസിഡൻറ് വി.വി. മുഹമ്മദലി ആശുപത്രി സുപ്രണ്ട് ഡോ. ജമീലയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.