നാളെ തുറക്കും; വേങ്ങോളിയിലെ കൂറ്റൻ പാലം
text_fieldsനാദാപുരം: വടകര-മാഹി കനാലിന് കുറുകെ മൂന്ന് പഞ്ചായത്തുകളെയും മൂന്ന് നിയോജക മണ്ഡലങ്ങളെയും കൂട്ടിയിണക്കുന്ന എടച്ചേരി വേങ്ങോളിയിലെ കൂറ്റൻ പാലം യാഥാർഥ്യമായി. വടകര-മാഹിക്കനാൽ വികസനത്തിന്റെ ഭാഗമായാണ് കളിയാംവെള്ളി പുഴക്ക് കുറുകെ വേങ്ങോളിയിൽ ആധുനിക സജ്ജീകരണങ്ങളോടെ പാലം നിർമാണം പൂർത്തിയായത്.
നാദാപുരം, കുറ്റ്യാടി, വടകര നിയോജക മണ്ഡലങ്ങളെയും എടച്ചേരി, പുറമേരി, ഏറാമല പഞ്ചായത്തുകളെയുമാണ് ഭീമൻ പാലം ബന്ധിപ്പിക്കുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാലത്തിന് 17 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
37 മീറ്റർ നീളത്തിലും 11.5 മീറ്റർ വീതിയിലുമുള്ള പാലം പുഴനിരപ്പിൽ നിന്നും ഏകദേശം എട്ടു മീറ്റർ ഉയരത്തിലാണ്. കനാലിലൂടെ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തടസ്സം ഉണ്ടാവാതിരിക്കാനാണ് പാലം ഇത്രയും ഉയർത്തി പണിതത്. ഓരോ മീറ്റർ ഇടവിട്ട് ഇരുവശങ്ങളിലുമായി പൈലിങ്ങോട് കൂടിയുള്ള 30 തൂണുകളിലാണ് പാലം പടുത്തുയർത്തിയത്.
കനാലിന്റെ ഇരുകരകളിലുമായി 351 മീറ്റർ ദൈർഘ്യത്തിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയായി. വലിയ മേൽപാലങ്ങളുടെ അടിയിൽ കാണുന്നത് പോലെയുള്ള അണ്ടർ പാസ് വേകളും ഇരുകരകളിലും നിർമിച്ചിട്ടുണ്ട്.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ രണ്ടു മീറ്റർ വീതിയിൽ ടൈൽസ് പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. പാലം തുറക്കുന്നതോടെ വില്യാപ്പളളി ഭാഗങ്ങളിൽ നിന്നും എടച്ചേരി ഇരിങ്ങണ്ണൂർ വഴി തലശ്ശേരിയിലേക്കും കണ്ണൂരിലെ നിർദിഷ്ട വിമാനത്താവളത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
പകുതിയിലേറെ സമയം ലാഭിക്കാൻ കഴിയും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാട്ടുകാർക്ക് തുറന്നു കൊടുക്കും. നാടിന്റെ മുഖച്ഛായ മാറ്റും വിധമുള്ള കൂറ്റൻ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.